ഹാമിൽട്ടൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് മികച്ച ഫോമിൽ ഉള്ള മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കിയതിൽ കടുത്ത വിമർശനവുമായി ന്യൂസീലൻഡ് മുൻ ഫാസ്റ്റ് ബോളർ സൈമൺ ഡൗൾ. സഞ്ജുവിനെ പോലെ മികച്ച താരമുള്ളപ്പോൾ എന്തിനാണ് രജത് പാട്ടിദാറിനെ പോലെയുള്ള താരത്തിനെ ടീമിലേക്ക് പരിഗണിക്കുന്നതെന്നു സൈമൺ ഡൗൾ ചോദിച്ചു.

നിങ്ങൾക്ക് രജത് പാട്ടിദാറിനെ പരിഗണിക്കണമെന്ന് താത്പര്യമുണ്ടാകും. അതൊന്നും സഞ്ജുവിനെ പോലെയുള്ള താരത്തെ തഴയുന്നതിനുള്ള കാരണമല്ലെന്നു സ്പോർട്സ് മാധ്യമത്തോട് സംസാരിക്കവേ സൈമൺ ഡൗൾ പറഞ്ഞു. പരിമിതമായ അവസരങ്ങൾ ഉപയോഗപ്പെടുത്തി മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും സഞ്ജുവിനെ തഴയുന്ന സമീപനമാണ് ടീം ഇന്ത്യയുടേത്. മികച്ച ഒരുപിടി താരങ്ങൾ അവസരം കാത്ത് പുറത്ത് നിൽക്കുമ്പോൾ ഇന്ത്യൻ ജഴ്‌സിൽ പുതിയ ഒരു താരത്തെ പരീക്ഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഡൗൾ പറഞ്ഞു.

ഒക്ടോബറിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് രജത് പാട്ടിദാറിനെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഒരു മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിച്ചില്ല. ന്യൂസീലൻഡിനെതിരായ ഏകദിനട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആറ് കളികളിൽ ഒന്നിൽ മാത്രമാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. നാല് മത്സരങ്ങളിലും മഴ വില്ലനാകുകയും ചെയ്തു. മോശം ഫോമിൽ തുടരുന്ന ഋഷഭ് പന്തിനായി സഞ്ജുവിനെ ഒഴിവാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സഞ്ജുവിനു പിന്തുണയുമായി ഡൗൾ എത്തിയത്.

ഋഷഭ് പന്തിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം മത്സരത്തിന് തൊട്ടുമുമ്പ് വിശ്രമം അനുവദിക്കുകയയിരുന്നു. ടീമിലുണ്ടായിട്ടും ഇഷാൻ കിഷന് അവസരം നൽകാതെ ഉപനായകൻ കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പർ ചുമതല ഏൽപ്പിച്ചു നൽകുകയായിരുന്നു. ലോകകപ്പിന് മുമ്പായി ടീമിനെ ഒരുക്കാനുള്ള പരിശ്രമങ്ങൾക്കിടെ ടീമിൽ ലഭ്യമായ താരങ്ങൾക്ക് പോലും അവസരം നിഷേധിക്കുന്ന സമീപനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

നേരത്തെയും സഞ്ജുവിനെ അനുകൂലിച്ച് സൈമൺ ഡൗൾ രംഗത്തു വന്നിരുന്നു. 30 മത്സരങ്ങൾ കളിച്ച പന്തിന്റെ ശരാശരി വെറും 35 ആണെന്നും 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്റെ ശരാശരി 60ന് മുകളിലാണെന്നും ഡൗൾ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജു കൂടുതൽ അവസരം അർഹിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഡൗൾ പറഞ്ഞിരുന്നു. . പന്താണ് ഭാവിയെന്ന് പലരും പറയുന്നു. എന്നാൽ വൈറ്റ് ബോൾ മത്സരങ്ങളിൽ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല എന്നതാണു സത്യം. അസാധാരണ ടെസ്റ്റ് കളിക്കാരനാണ് എന്നതു ശരിയാണ്. പക്ഷേ, ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ ആണോ? എനിക്കത് ബോധ്യപ്പെട്ടിട്ടില്ലെന്നും ഡൗൾ പറഞ്ഞിരുന്നു.

ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്നതു വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ആരാധകർ മുതൽ മുൻ താരങ്ങൾ വരെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. താൽക്കാലിക ഹെഡ് കോച്ചായ വി.വി എസ്. ലക്ഷ്മൺ, ക്യാപ്റ്റൻ ശിഖർ ധവാൻ എന്നിവർക്കെതിരെയായിരുന്നു ആരാധകരോഷം.