മുംബൈ: മുൻ ഇന്ത്യൻ നായകനും സീനിയർ താരങ്ങളായ അജിൻക്യ രഹാനെയെയും ഇഷാന്ത് ശർമയെയും വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയെയും വാർഷിക കരാറിൽനിന്നു ബിസിസിഐ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. മോശം പ്രകടനത്തിന്റെ പേരിൽ ടീമിൽ നിന്നും പുറത്തായ താരങ്ങൾക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടായേക്കില്ലെന്ന സൂചനയാണ് ബിസിസഐ വൃത്തങ്ങൾ നൽകുന്നത്.

ശുഭ്മൻ ഗില്ലിനെയും സൂര്യകുമാർ യാദവിനെയും ലിസ്റ്റ് എയിലോ ബിയിലോ ഉൾപ്പെടുത്തുമെന്നാണു വിവരം. ഡിസംബർ 21നു നടക്കുന്ന ബിസിസിഐ യോഗത്തിലാണ് 2022 - 23 സീസണുകളിലേക്കുള്ള താരങ്ങളുടെ പട്ടികയിൽ തീരുമാനമെടുക്കുക. ട്വന്റി20യിൽ ഇന്ത്യയുടെ ക്യാപ്റ്റനാകാനൊരുങ്ങുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് സി ഗ്രൂപ്പിൽനിന്നു ബി ഗ്രൂപ്പിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.

അതേസമയം, ട്വന്റി20 ലോകകപ്പിലെ ടീം ഇന്ത്യയുടെ പ്രകടനവും ബംഗ്ലാദേശ് പര്യടനത്തിലെ പ്രകടനവും ബിസിസിഐ യോഗത്തിൽ ചർച്ചയാകില്ല. 'താരങ്ങളുടെ കരാർ നിലനിർത്തലാണു' കൂടിക്കാഴ്ചയിലെ പ്രധാന അജൻഡ. രഹാനെയ്ക്കും ഇഷാന്ത് ശർമയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയും കരാറിൽനിന്നു പുറത്താകും. സൂര്യകുമാർ യാദവിന് ഗ്രൂപ്പ് എയിലേക്കോ ബിയിലേക്കോ സ്ഥാനക്കയറ്റം നൽകേണ്ടതാണെന്നു ബിസിസിഐയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

''സൂര്യകുമാർ ഇപ്പോൾ ഗ്രൂപ്പ് സിയിലാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ നോക്കിയാൽ ഗ്രൂപ്പ് എയിലേക്കോ, അല്ലെങ്കിൽ ബിയിലേക്കോ പ്രമോഷൻ നൽകേണ്ടതാണ്.'' ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബിസിസിഐയുടെ എ പ്ലസ് കരാറുള്ള താരങ്ങൾക്ക് ഏഴു കോടി രൂപയാണു ലഭിക്കുന്നത്. എ ഗ്രൂപ്പിൽ അഞ്ചു കോടിയും ബി ഗ്രൂപ്പിൽ മൂന്നു കോടിയും ലഭിക്കും. ഗ്രൂപ്പ് സിയിലെ താരങ്ങൾക്ക് ഒരു കോടിയാണു കിട്ടുക. മൂന്നു ഫോർമാറ്റുകളിലും സ്ഥിരമായി കളിക്കുന്ന താരങ്ങൾക്കാണ് എ പ്ലസ്, എ ഗ്രൂപ്പുകൾ സാധാരണയായി ലഭിക്കുക.