മുംബൈ: അഞ്ചാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് എതിരെ ഓസ്‌ട്രേലിയക്ക് മിന്നും ജയം. ഓസീസ് മുന്നോട്ടുവെച്ച 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 54 റൺസിന്റെ തോൽവി വഴങ്ങി. ഇന്ത്യ 20-ാം ഓവറിലെ അവസാന പന്തിൽ 142ൽ ഓൾഔട്ടായി. 34 പന്തിൽ 53 റൺസുമായി ചെറുത്തു നിന്ന ദീപ്തി ശർമ്മ ഒഴികെ മറ്റ് താരങ്ങൾക്ക് തിളങ്ങാനായില്ല.

ഓസ്‌ട്രേലിയക്കായി ഹീത്തർ ഗ്രഹാം ഹാട്രിക് നേടി. രാജ്യാന്തര വനിതാ ടി20യിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് വനിതയാണ് ഹീത്തർ. ജയത്തോടെ പരമ്പര 4-1ന് സന്ദർശകർ സ്വന്തമാക്കി. സ്‌കോർ: ഓസ്ട്രേലിയ- 196/4 (20), ഇന്ത്യ- 142 (20).

ഇന്ത്യൻ ഇന്നിങ്സിലെ നാലാം പന്തിൽ സ്മൃതി മന്ഥാനയെ(4 പന്തിൽ 4) നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഷെഫാലി വർമ്മ(14 പന്തിൽ 13), ഹർലീൻ ഡിയോൽ(16 പന്തിൽ 24), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ(11 പന്തിൽ 12), റിച്ചാ ഘോഷ്(9 പന്തിൽ 10), ദേവിക വൈദ്യ(14 പന്തിൽ 11), രാധാ യാധവ്(1 പന്തിൽ 0), അഞ്ജലി സാർവാണി(12 പന്തിൽ 4), രേണുക സിങ്(3 പന്തിൽ 2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോർ. ഹീത്തർ ഹാട്രിക് തികയ്ക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകൾ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കുകയായിരുന്നു. ആഷ്ലി ഗാർഡ്നർ, ഗ്രേസ് ഹാരിസ് എന്നിവരുടെ വെടിക്കെട്ട് അർധ സെഞ്ചുറികളാണ് ഓസീസിനെ തുണച്ചത്. അഞ്ചാം വിക്കറ്റിൽ പുറത്താവാതെ 129 റൺസ് ഇരുവരും ചേർത്തത് ഇന്ത്യക്ക് ഭീഷണിയായി.

തകർച്ചയോടെയായിരുന്നു ബ്രബോൺ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയൻ വനിതകളുടെ തുടക്കം. ഓപ്പണർമാരായ ബേത്ത് മൂണിയും ഫീബി ലെച്ച്ഫീൽഡും പുറത്താകുമ്പോൾ 3.3 ഓവറിൽ 17 റൺസ് മാത്രമാണ് സന്ദർശകർക്കുണ്ടായിരുന്നത്. നാല് പന്തിൽ രണ്ട് റൺസെടുത്ത മൂണിയെ അഞ്ജലി സാർവാണി ബൗൾഡാക്കിയപ്പോൾ 9 പന്തിൽ 11 റൺസെടുത്ത ലെച്ച്ഫീൽഡിനെ ദീപ്തി ശർമ്മയുടെ പന്തിൽ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്തു. ക്യാപ്റ്റൻ തഹീല മഗ്രാത്ത് 26 പന്തിൽ രണ്ട് വീതം ഫോറും സിക്സറും ഉൾപ്പടെ 26 റൺസെടുത്തു. ഷെഫാലി വർമ്മയ്ക്കായിരുന്നു മഗ്രാത്തിന്റെ വിക്കറ്റ്. റിച്ചാ ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു.

14 പന്തിൽ 18 റൺസെടുത്ത എലിസ് പെറിയെ ദേവിക വൈദ്യ, ഹർലീൻ ഡിയോളിന്റെ കൈകളിൽ എത്തിച്ചെങ്കിലും അഞ്ചാം വിക്കറ്റിൽ ആഷ്ലി ഗാർഡ്നറും ഗ്രേസ് ഹാരിസും അർധസെഞ്ചുറികളുമായി ഓസീസിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ഗാർഡ്നർ 32 പന്തിൽ 66* ഉം ഗ്രേസ് 35 പന്തിൽ 64* റൺസുമെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യൻ ബൗളർമാർക്ക് ഒരവസരവും നൽകാതെ തകർത്തടിക്കുകയായിരുന്നു ഇരുവരും. ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറാണ് ഇന്ന് ഓസീസിന്റേതായി പിറന്നത്.