- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാൻ 337 റൺസിന് പുറത്ത്; അവസാന അഞ്ച് വിക്കറ്റുകൾ 26 റൺസിനിടെ എറിഞ്ഞിട്ട് കേരളം; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി ബേസിൽ തമ്പിയും സക്സേനയും; കേരളം പൊരുതുന്നു; സഞ്ജുവിന് ഫിഫ്റ്റി

ജയ്പുർ: രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാന് എതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനത്തിൽ രാജസ്ഥാനെ 337 റൺസിന് പുറത്താക്കിയ കേരളം മറുപടി ബാറ്റിംഗിൽ മുപ്പത് ഓവറിൽ മൂന്ന് വിക്കറ്റിന് 110 റൺസ് എന്ന നിലയിലാണ്. അർദ്ധ സെഞ്ചുറി നേടി നായകൻ സഞ്ജു സാംസൺ 28 റൺസുമായി സച്ചിൻ ബേബി എന്നിവരാണ് ക്രീസിൽ.
ആദ്യ ദിനം ദീപക് ഹൂഡയുടെ സെഞ്ചറിക്കരുത്തിൽ ആധിപത്യം നേടിയ രാജസ്ഥാന്, രണ്ടാം ദിനത്തിൽ തകർച്ച നേരിട്ടു. മികച്ച ബോളിങ്ങിലൂടെ കേരളം തിരിച്ചടിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച രാജസ്ഥാൻ, ആദ്യ സെഷനിൽത്തന്നെ വെറും 337 റൺസിന് എല്ലാവരും പുറത്തായി. രാജസ്ഥാന് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത് വെറും 26 റൺസിനിടെയാണ്. സൽമാൻ ഖാൻ 182 പന്തിൽ 74 റൺസെടുത്ത് പുറത്തായി.
കേരളം 30 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 110 ററൺസ് എന്ന നിലയിലാണ്. അർധസെഞ്ചറി പൂർത്തിയാക്കിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (50*), സച്ചിൻ ബേബി (28*) എന്നിവർ ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും കേരളത്തിനായി ഇതുവരെ 79 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ രാജസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 227 റൺസ് പിന്നിലാണ് കേരളം.
ഓപ്പണർമാരായ പി.രാഹുൽ (24 പന്തിൽ 10), രോഹൻ പ്രേം (43 പന്തിൽ 18), ഷോൺ റോജർ (0) എന്നിവരാണ് കേരള നിരയിൽ പുറത്തായത്. രാഹുലും രോഹനും രണ്ടു ഫോറുകൾ വീതം നേടി. ഓപ്പണിങ് വിക്കറ്റിൽ രാഹുലും രോഹിനും 22 റൺസ് കൂട്ടിച്ചേർത്തെങ്കിലും, 31 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കേരളം തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് സഞ്ജുവും സച്ചിനും ക്രീസിൽ ഒരുമിച്ചത്. രാജസ്ഥാനായി അനികേത് ചൗധരി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഇതുവരെ 10 ഓവർ ബോൾ ചെയ്ത ചൗധരി, 35 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്‌ത്തിയത്.
ആദ്യ ദിനം അർധസെഞ്ചറിയുമായി കേരളത്തിനെതിരെ പൊരുതിനിന്ന സൽമാൻ ഖാന്റെ റണ്ണൗട്ടാണ് രണ്ടാം ദിനം രാജസ്ഥാന് തിരിച്ചടിയായത്. 182 പന്തുകൾ നേരിട്ട സൽമാൻ, മൂന്നു ഫോറുകളോടെയാണ് 74 റൺസെടുത്തത്. സൽമാൻ ഖാനു പുറമെ മാനവ് സുതർ (17 പന്തിൽ ആറ്), കുനാൽ സിങ് റാത്തോർ (0), കംലേഷ് നാഗർകോട്ടി (24 പന്തിൽ 12), അറാഫാത്ത് ഖാൻ (ആറു പന്തിൽ ഒന്ന്) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
ആദ്യദിനം 105 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ രാജസ്ഥാന്, ദീപക് ഹൂഡയുടെ സെഞ്ചറിയാണ് കരുത്തായത്. ഹൂഡ 187 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതം 133 റൺസെടുത്തു. ഓപ്പണർ യാഷ് കോത്താരിയും അർധസെഞ്ചറി നേടി. 84 പന്തിൽ എട്ടു ഫോറുകളോടെ നേടിയത് 58 റൺസ്. കേരളത്തിനായി ജലജ്് സക്‌സേന 28 ഓവറിൽ 78 റൺസ് വഴങ്ങിയും ബേസില് തമ്പി 13 ഓവറിൽ 43 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. എം.ഡി. നിധീഷ്, ഫാസിൽ ഫാനൂസ്, സിജോമോൻ ജോസഫ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.


