ന്യൂഡൽഹി: 2023 സീസണിലെ ഐ.പി.എൽ മിന താരലേലത്തിൽ അൺസോൾഡ് ആയതിന്റെ നിരാശ തുറന്നുപറഞ്ഞ് ഇന്ത്യൻ പേസർ സന്ദീപ് ശർമ്മ. നന്നായി തിളങ്ങിയിട്ടും ആരും ടീമിലെടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും 'അൺസോൾഡ്' ആയപ്പോൾ ഞെട്ടിപ്പോയെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സന്ദീപ് ശർമ്മ പറഞ്ഞു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ കളിക്കാരിൽ 13ാം സ്ഥാനത്താണ് സന്ദീപ് ശർമ.

'എന്തുകൊണ്ടാണ് എന്നെ ആരും എടുക്കാത്തത് എന്ന് എനിക്കറിയില്ല. ഏത് ടീമിന് വേണ്ടി കളിച്ചപ്പോഴും മികച്ചതാക്കിയിരുന്നു. ഏതെങ്കിലും ടീം എനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് ആത്മാർത്ഥമായി കരുതി. സത്യം പറഞ്ഞാൽ ഞാൻ ഇത് പ്രതീക്ഷിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പോലും അറിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മികച്ച പ്രകടനമാണ് നടത്തുന്നത്. രഞ്ജി ട്രോഫിയിൽ അവസാന റൗണ്ടിൽ ഞാൻ ഏഴ് വിക്കറ്റ് വീഴ്‌ത്തി. സയ്യിദ് മുഷ്താഖ് അലിയിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവെച്ചു'- സന്ദീപ് ശർമ്മ വ്യക്തമാക്കി.

ഐ.പി.എൽ ലേലത്തിൽ 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.എന്നാൽ ആരും താൽപര്യം പ്രകടിപ്പിച്ചില്ല. 10 ഐപിഎൽ സീസണാണ് സന്ദീപ് ശർമ കളിച്ചത്. 7.77 എന്ന ഇക്കണോമിയിൽ 114 വിക്കറ്റ് വീഴ്‌ത്തി. പഞ്ചാബ് കിങ്‌സിലാണ് താരം അവസാനമായി പന്ത് എറിഞ്ഞത്.

ഐപിഎല്ലിൽ പവർ പ്ലേ ഓവറുകളിൽ സ്ഥിരമായി വിക്കറ്റു വീഴ്‌ത്തുന്ന താരമാണ് സന്ദീപ് ശർമ. 29 വയസ്സുകാരനായ സന്ദീപ് ശർമ പഞ്ചാബിൽനിന്നുള്ള താരമാണ്. ഇന്ത്യയ്ക്കായി രണ്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

കൊച്ചിയിലാണ് ഐപിഎൽ ലേലം നടന്നത്.ഇംഗ്ലണ്ടിന്റെ സാം കറനായിരുന്നു തിളങ്ങിയത്. 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ 24 കാരനായ സാം കറൻ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി. പിന്നാലെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ ഇന്ത്യൻസ് 17.5 കോടി രൂപയ്ക്കും സ്വന്തമാക്കി. ബെൻ സ്റ്റോക്‌സ് (16.25 കോടി), നിക്കോളാസ് പൂരൻ (16 കോടി), ഹാരി ബ്രൂക്ക് (13.25 കോടി) എന്നിവരാണ് ലേലത്തിൽ വൻ തുക നേടിയ മറ്റ് താരങ്ങൾ.