- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുമ്രയും ജഡേജയും സഞ്ജുവും പുറത്തുതന്നെ; രണ്ട് വർഷത്തെ ഇടവേളക്കുശേഷം പൃഥ്വി ഷായുടെ തിരിച്ചുവരവ്; ന്യൂസിലൻഡിനെതിരായ ട്വന്റി 20യിൽ ഹാർദ്ദിക് നയിക്കും; രോഹിതും കോലിയും ഏകദിനത്തിൽ മാത്രം
മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അസമിനെതിരെ വെടിക്കെട്ട് ട്രിപ്പിൾ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷാ രണ്ട് വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ.. ശ്രീലങ്കൻ പരമ്പരയ്ക്കു പിന്നാലെ ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലും രോഹിത് ശർമയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു.
പരിക്കിൽ നിന്ന് മോചിതരാകാത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും മലയാളി താരം സഞ്ജു സാംസണും ഇരു ടീമിലും ഇടം ലഭിച്ചില്ല. ഏകദിന പരമ്പരക്കുള്ള ടീമിനെ രോഹിത് ശർമയും ടി20 പരമ്പരക്കുള്ള ടീമിനെ ഹാർദ്ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്. വിവാഹിതനാവാൻ പോകുന്ന കെ എൽ രാഹുൽ ഏകദിന, ടി20 ടീമുകളിലില്ല.
ഏകദിന ടീമിൽ ഹാർദിക്കാണ് വൈസ് ക്യാപ്റ്റൻ. കുടുംബവുമായ ബന്ധപ്പെട്ട കാര്യങ്ങളുള്ളതിനാൽ കെ.എൽ രാഹുലും അക്ഷർ പട്ടേലും പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് സെലക്ഷൻ കമ്മിറ്റി അറിയിച്ചു.
വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരത് ആണ് രാഹുലിന് പകരം ഏകദിന പരമ്പരക്കുള്ള ടീമിലിടം നേടിയത്. സ്പിന്നർ ഷഹബാസ് അഹമ്മദ്, പേസർ ഷർദ്ദുൽ ഠാക്കൂർ എന്നിവരും ഏകദിന ടീമിൽ തിരിച്ചെത്തി. ടി20 ടീമിൽ സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശർമ ടീമിൽ തുടർന്നപ്പോൾ രാഹുൽ ത്രിപാഠിയും റുതുരാജ് ഗെയ്ക്വാദും ടി20 ടീമിൽ സ്ഥാനം നിലിർത്തി.
ശ്രീലങ്കയ്ക്കെതിരേ നടന്ന ട്വന്റി 20 പരമ്പരയ്ക്കിടെ കാൽമുട്ടിലേറ്റ പരിക്കാണ് സഞ്ജുവിന് തിരിച്ചടിയായത്. സഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. താരം പരിക്കിൽ നിന്ന് പൂർണമായി മുക്തനായോ എന്നത് വ്യക്തമല്ല. മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത പേസർ ജസ്പ്രീത് ബുംറയും ടീമിലില്ല.
ട്വന്റി 20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാർ.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉംറാൻ മാലിക്.