ഇസ്ലാമാബാദ്: ഇടക്കാല ചെയർമാനായിരുന്ന ഷാഹിദ് അഫ്രീദിയെ ഒഴിവാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്ററായി മുൻ താരം ഹാറൂൺ റഷീദിനെ നിയമിച്ചു. ന്യൂസിലൻഡിനെതിരെ ടെസ്റ്റ്- ഏകദിന പരമ്പരയ്ക്ക് മാത്രമാണ് അഫ്രീദിയെ നിയമിച്ചിരുന്നത്. ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചപ്പോൾ, ഏകദിന പരമ്പരയിൽ പാക്കിസ്ഥാൻ 2-1ന് പരാജയപ്പെട്ടിരുന്നു.

മുമ്പും ചീഫ് സെലക്റ്ററായിട്ടുണ്ട് 69കാരനായ ഹാറൂൺ. 2015, 2016 വർഷങ്ങളിലായിരുന്നു ഇത്. മാത്രമല്ല, പാക് ടീമിന്റെ മാനേജറായിട്ടും ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977 മുതൽ 1983 വരെ പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഹാറൂൺ. 22 ടെസ്റ്റുകളും 12 ഏകദിനങ്ങളും അദ്ദേഹം പാക് ജേഴ്സിയിൽ കളിച്ചു.

ടെസ്റ്റിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 1000ത്തിലധികം റൺസും ഹാറൂൺ നേടി. ഹാറൂണിന്റെ പരിചയസമ്പത്തും അറിവും പാക് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് പിസിബി ചെയർമാൻ നജാം സേഥി വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിൽ സന്തോഷമുണ്ടെന്ന് ഹാറൂണും വ്യക്തമാക്കി.

ഏപ്രിൽ- മെയ് മാസങ്ങളിൽ നടക്കുന്ന ന്യൂസിലൻഡ് പര്യടനമാണ് ഇനി പാക്കിസ്ഥാന് മുന്നിലുള്ളത്. അഞ്ച് വീതം ടി20, ഏകദിന മത്സരങ്ങളാണ് പാക്കിസ്ഥാൻ, ന്യൂസിലൻഡിൽ കളിക്കുക. അതുവരെ പാക്കിസ്ഥാന് മത്സരങ്ങളൊന്നുമില്ല. എന്നാൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ മുൻ ക്രിക്കറ്റ് താരം റമീസ് രാജയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കാര്യങ്ങൾ നിയന്ത്രിക്കാൻ നജം സേഥിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയേയും സർക്കാർ നിയോഗിക്കുകയുണ്ടായി. റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവച്ചിരുന്നത്. 2021 സെപ്റ്റംബറിലാണ് റമീസ് സ്ഥാനമേറ്റെടുത്തിരുന്നത്.