കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരേ പൊരുതി കീഴടങ്ങി ഇന്ത്യ. ഇംഗ്ലണ്ട് പതിനൊന്ന് റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 152-റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20-ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 140-റൺസ് നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറിലെ 31 റൺസ് വിജയലക്ഷ്യത്തിലേക്ക് റിച്ചയ്ക്കും പൂജ വസ്ത്രക്കറിനും എത്താനായില്ല.

ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയത്തോടെ ആറ് പോയന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. ഇത്രയും മത്സരങ്ങളിൽ നിന്ന് നാല് പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രണ്ടുകളികളിൽ നിന്ന് നാല് പോയന്റുള്ള പാക്കിസ്ഥാനാണ് മൂന്നാമത്.

മികച്ച വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ഓപ്പണർ ഷഫാലി വർമയെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. എട്ട് റൺസെടുത്ത ഷഫാലി വർമയെ ലോറൻ ബെല്ലാണ് പുറത്താക്കിയത്. സ്മൃതി മന്ദാന മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഇന്ത്യൻ സകോർ പത്താം ഓവറിൽ അമ്പത് കടന്നു. എന്നാൽ ജെമീമ റോഡ്രിഗസും (13), ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (4) വോഗത്തിൽ തന്നെ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

പിന്നീടിറങ്ങിയ റിച്ച ഘോഷുമൊത്ത് മന്ദാന കൂട്ടുകെട്ടുണ്ടാക്കി സ്‌കോറിങ്ങിന് വേഗത കൂട്ടി. ഇന്ത്യൻ സ്‌കോർ 100-കടത്തി. ടീം സ്‌കോർ 105-ൽ നിൽക്കേ മന്ദാനയെ പുറത്താക്കി സാറ ഗ്ലെൻ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ദീപ്തി ശർമ ഏഴ് റണ്ണെടുത്ത് പുറത്തായി. 34-പന്തിൽ നിന്ന് 47 റൺസെടുത്ത റിച്ച ഘോഷ് പുറത്താവാതെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ഒടുവിൽ 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140-റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി സാറ ഗ്ലെൻ രണ്ടുവിക്കറ്റെടുത്തപ്പോൾ എക്ലസ്റ്റോൺ, ലോറൻ ബെൽ എന്നിവർ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു. ഓപ്പണർമാരായ ഡങ്ക്ലി (10), ഡാനിയെല്ല വ്യാറ്റ്(0), ആലിസ് കാപ്സി(3) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മൂന്ന് വിക്കറ്റുകളുമെടുത്ത രേണുക സിങ്ങാണ് ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കിയത്.

പിന്നീടിറങ്ങിയ നതാലി സീവർ ബ്രണ്ടും ഹെതർ നൈറ്റും ഇംഗ്ലണ്ടിനായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ബ്രണ്ട് 42-പന്തിൽ നിന്ന് 50 റൺസും ഹെതർ നൈറ്റ് 23-പന്തിൽ നിന്ന് 28-റൺസുമെടുത്തു പുറത്തായി. നതാലി ബ്രണ്ടിനെ ദീപ്തി ശർമയും ഹെതർ നൈറ്റിനെ ശിഖ പാണ്ഡെയുമാണ് പുറത്താക്കിയത്.

എന്നാൽ വിക്കറ്റ് കീപ്പർ ആമി ജോൺസ് 27-പന്തിൽ നിന്ന് 40-റൺസെടുത്ത് ഇംഗ്ലീഷ് സ്‌കോറിങ്ങിന് വേഗം കൂട്ടി. രേണുക സിങ്ങ് ആമിയേയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151-റൺസിന് അവസാനിച്ചു. നാല് ഓവറിൽ 15-റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ശിഖ പാണ്ഡെ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റെടുത്തു.