- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ടെസ്റ്റിലെ മിന്നും ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തിനോട് അടുത്ത് ഇന്ത്യ; രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്; സഹതാരങ്ങൾക്ക് രോഹിത് നൽകുന്ന കരുതൽ ഏറെ വലുതെന്ന് ഇന്ത്യൻ പരിശീലകൻ
ന്യൂഡൽഹി: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ മിന്നും ജയം നേടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തിനോട് കൂടുതൽ അടുത്ത് ടീം ഇന്ത്യ. ഡൽഹി ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്റ് പട്ടികയിലും ഓസീസ് തന്നെയാണ് തലപ്പത്ത്. 66.67 ആണ് ഓസീസിന്റെ പോയിന്റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ഉയർത്തി.
പുതുക്കിയ പട്ടികയിൽ ഇന്ത്യക്ക് 64.06 പോയിന്റ് ശരാശരിയുണ്ട്. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്(48.72). ഇതോടെ ഫൈനലിനുള്ള സാധ്യത ടീം ഇന്ത്യ സജീവമാക്കി.
ഡൽഹി രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. 115 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിങ്സിൽ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോർ ഓസ്ട്രേലിയ: 263 & 113. ഇന്ത്യ: 262 & 118/4.
ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ടെസ്റ്റിൽ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്‌ത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ ടോപ് സ്‌കോറർ. മാർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.
നേരത്തെ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു. നാഗ്പൂരിൽ ടീം ഇന്ത്യ 400 റൺസെടുത്ത പിച്ചിൽ ഓസീസ് 177, 91 സ്‌കോറുകളിൽ പുറത്താവുകയായിരുന്നു. ഡൽഹിയിലേതിന് സമാനമായി ജഡേജ-അശ്വിൻ സഖ്യമാണ് നാഗ്പൂരിലും ഓസീസിനെ എറിഞ്ഞിട്ടത്. ആദ്യ മത്സരത്തിൽ വീണ 20 വിക്കറ്റുകളിൽ 15 ഉം അശ്വിനും ജഡേജയും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇൻഡോറിൽ മാർച്ച് ഒന്നാം തിയതി മുതലാണ് മൂക്ക്ന്നാം ടെസ്റ്റ്. ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ അവസാന മത്സരം ഒൻപതാം തിയതി ആരംഭിക്കും.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രശംസിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്തെത്തി. മത്സരശേഷം സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ഇന്ത്യൻ പരിശീലകന്റെ വാക്കുകൾ... ''രോഹിത് ശർമയുടെ ക്യാപ്റ്റൻസി പ്രശംസനീമയാണ്. അദ്ദേഹം ഒരുപാട് വർഷങ്ങളായി ടീമിനൊപ്പമുള്ള വ്യക്തിയാണ്. ഡ്രസിങ് റൂമിനെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് രോഹിത്തിന് നന്നായി അറിയാം. ഒരുപാട് സംസാരിക്കാത്ത വ്യക്തിയാണ് രോഹിത്. എന്നാൽ സംസാരിക്കുമ്പോഴെല്ലാം താരങ്ങൾ ശ്രദ്ധിച്ചിരിക്കും. സഹതാരങ്ങൾക്ക് രോഹിത് നൽകുന്ന കരുതൽ ഏറെ വലുതാണ്. വിരാട് കോലിക്ക് ശേഷം ഇത്തരത്തിലൊരാൾ നായകസ്ഥാനം ഏറ്റെടുത്തതിൽ സന്തോഷം മാത്രം.'' ദ്രാവിഡ് പറഞ്ഞു.
മത്സരത്തിലെ ടേർണിങ് പോയിന്റിനെ കുറിച്ചും ദ്രാവിഡ് സംസാരിച്ചു. ''ഉയർച്ച താഴ്‌ച്ചകളുണ്ടായ മത്സരമായിരുന്നിത്. എന്നാൽ ഇന്ന് രാവിലെ മുതൽ കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി. എന്നാൽ അക്സർ പട്ടേൽ- ആർ അശ്വിൻ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിത്തിരിവായത്. അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ 200-225 റൺസിനടുത്ത് പിന്തുടരേണ്ടി വരുമായിരുന്നു. എന്നാൽ കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.'' ദ്രാവിഡ് പറഞ്ഞു.
രണ്ടാം ദിനം റൺസ് വിട്ടുകൊടുത്തതിനെ കുറിച്ചും ഇന്ത്യൻ കോച്ച് സംസാരിച്ചു. ''രണ്ടാംദിനം അവസാന സെഷനിൽ ഓസീസ് ബാറ്റിംഗിനെത്തിയപ്പോൾ കൂടുതൽ റൺസ് വിട്ടുകൊടുക്കേണ്ടി വന്നു. ശരിയായ ഏരിയയിൽ എല്ലായിരുന്നു ബൗളർമാർ പന്തെറിഞ്ഞിരുന്നത്. പിച്ചിന്റെ പല ഭാഗങ്ങളിലുമായിരുന്നു. എന്നാൽ ഇന്ന് ആദ്യ സെഷനിൽ ബൗളർമാർ താളം വീണ്ടെടുത്തത് ഗുണം ചെയ്തു.'' ദ്രാവിഡ് പറഞ്ഞുനിർത്തി. 115 റൺസുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.