കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്റെയും ആഷ്ലി ഗാർഡ്‌നറുടെയും തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു.

ബെത് മൂണി 37 പന്തിൽ 54 റൺസെടുത്ത് പുറത്തായപ്പോൾ ലാനിങ് 34 പന്തിൽ 49 റൺസടിച്ച് പുറത്താകാതെ നിന്നു. ഗാർഡ്‌നർ 18 പന്തിൽ 31 റൺസടിച്ച് പുറത്തായി. ഇന്ത്യൻ ഫീൽഡർമാരുടെ പിഴവുകളാണ് മത്സരത്തിൽ ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോൾ ദീപ്തി ശർമയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.

ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി അടിച്ചാണ് ഓസീസിനായി അലീസ ഹീലി തുടങ്ങിയത്. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സ് അടിച്ച് ലാനിങ് ഓസീസിനെ 172ൽ എത്തിച്ചു. പവർപ്ലേയിൽ വിക്കറ്റ് പോവാതെ 43 റൺസടിച്ച ഓസീസിന് സ്‌കോർ 50 കടന്നതിന് പിന്നാലെ ഓപ്പണർ അലീസ ഹീലിയെ(25) നഷ്ടമായി. ബെത്ത് മൂണിയെ രണ്ട് വട്ടം കൈവിട്ട ഇന്ത്യൻ ഫീൽഡർമാർ അതിന് കനത്ത വില നൽകേണ്ടിവന്നു.

ലാനിങും മൂണിയും തകർത്തടിച്ചതോടെ ഓസീസ് മികച്ച സ്‌കോറിലേക്ക് നീങ്ങി.പന്ത്രണ്ടാം ഓവറിൽ സ്‌കോർ 88ൽ നിൽക്കെ അർധസെഞ്ചുറി പിന്നിട്ട മൂണിയെ വീഴ്‌ത്തി ശിഖ പാണ്ഡെ പ്രതീക്ഷ നൽകിയെങ്കിലും പിന്നീടെത്തിയ ആഷ്ലി ഗാർഡ്‌നറും തകർത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യക്കായി ഇറയിപ്പോൾ പരിക്കേറ്റ പൂജ വസ്ട്രക്കർക്ക് പകരം സ്‌നേഹ് റാണയും രാധാ യാദവിന് പകരം രാജേശ്വരി ഗെയ്ക്വാദുമാണ് ഇന്ത്യയുടെ അന്തിമ ഇളവനിലെത്തിയത്. ഓസീസ് ആകട്ടെ അലാന കിങിന് പകരക്കാരിയായി ജെസ് ജൊനാസനെയും അനാബെൽ സതർലാൻഡിന് പകരം സൂപ്പർ താരം അലീസ ഹീലിയും ടീമിലെടുത്തു.

അവസാന രണ്ടോവറിൽ 30 റൺസടിച്ച ക്യാപ്റ്റൻ ലാനിങ്ങിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഓസീസിന് 172 റൺസെന്ന മികച്ച സ്‌കോറ് സമ്മാനിച്ചത്. അവസാന ഓവറിൽ രേണുക സിങ് 18 റൺസും പത്തൊമ്പതാം ഓവറിൽ ശിഖ പാണ്ഡെ 12 റൺസും വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ലാനിങിന്റെ പ്രകടനം. എൽസി പെറി രണ്ട് റൺസുമായി പുറത്താകാതെ നിന്നു.