കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ അഞ്ച് റൺസിന് കീഴടക്കി ഓസ്ട്രേലിയ ഫൈനലിൽ. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജെമിമ റോഡ്രിഗ്സും പൊരുതിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ കളികൈവിട്ടു.

അവസാന അഞ്ചോവറിൽ 38 റൺസും അവസാന ഓവറിൽ 16 റൺസുമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. വാലറ്റത്ത് ദീപ്തി ശർമ(16) പൊരുതിയെങ്കിലും ഓസീസ് കരുത്തിനെ മറികടക്കാനായില്ല. തുടർച്ചയായ ആറാം തവണയാണ് ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പ് ഫൈനൽ ബർത്ത് ഉറപ്പിക്കുന്നത്. സ്‌കോർ ഓസ്‌ട്രേലിയ 20 ഓവറിൽ 172-4, ഇന്ത്യ 20 ഓവറിൽ 167-8.

ആഷ്ലി ഗാർഡ്നർ എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസടിച്ച ഷഫാലിയും സ്മൃതിയും ചേർന്ന് ഇന്ത്യക്ക് പ്രതീക്ഷ നൽകിയതാണ്. എന്നാൽ തകർത്തടിച്ച ഷഫാലിയെ രണ്ടാം ഓവറിൽ ഷഫാലിയെ മെഗാൻ ഷൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. ഗാർഡ്‌നർ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ പ്രതിരോധിക്കാൻ ശ്രമിച്ച സ്മൃതിയും(2) വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ പൊരുതാതെ കീഴടങ്ങുമെന്ന് തോന്നിച്ചു.

ഷഫാലി വർമ (9), സ്മൃതി മന്ദാന (2), യസ്തിക ഭാട്ടിയ (4) എന്നിവർ ആദ്യ നാല് ഓവറിനുള്ളിൽ മടങ്ങി. നാലാം നമ്പറിൽ ഇറങ്ങിയ ജെമീമ റോഡ്രിഗസ് രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. മറുവശത്ത് യാസ്തികയും ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും നാലാം ഓവറിൽ ജെമീമയുമായുള്ള ധാരണപ്പിശകിൽ റൺ ഔട്ടായി. നാലു റൺസായിരുന്നു യാസ്തികയുടെ സംഭാവന.

മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പ്രതിരോധത്തിലേക്ക് വലിയാതെ തകർത്തടിച്ച ജെമീമയും ഹർമനും ചേർന്നാണ് ഇന്ത്യയെ പവർ പ്ലേയിൽ 59 റൺസിലെത്തിച്ചത്. പത്തോവറിൽ ഇന്ത്യ 93 റൺസടിച്ചതോടെ ഓസ്‌ട്രേലിയ വിറച്ചു.

പവർ പ്ലേയിൽ 28 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ജെമീമ റോഡ്രിഗസും ഹർമൻപ്രീത് കൗറും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പവർ പ്ലേയിൽ തകർത്തടിച്ച ജെമീമയും ഹർമനും ചേർന്ന് ഇന്ത്യയെ കരകയറ്റി.

69 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഓസീസിനെ പ്രതിരോധത്തിലാക്കി. പക്ഷേ 11-ാം ഓവറിൽ ഡാർസി ബ്രൗണിന്റെ പന്തിൽ ഷോട്ടിന് ശ്രമിച്ച ജെമീമയ്ക്ക് പിഴച്ചു. പന്ത് അലിസ ഹീലിയുടെ കൈയിൽ. 24 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റൺസെടുത്ത ജെമിമ മടങ്ങിയതോടെ ഓസീസ് കളിയിൽ പിടിമുറുക്കി.



റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹർമൻപ്രീത് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 15-ാം ഓവറിൽ കാണിച്ച അലസത ക്യാപ്റ്റന്റെ വിക്കറ്റെടുത്തു. രണ്ടാം റണ്ണിനായി ലാഘവത്തോടെ ഓടിയ ഹർമൻപ്രീതിന്റെ ബാറ്റ് പിച്ചിൽ ക്രീസിനു മുന്നിൽ കുടുങ്ങി, ഒട്ടും സമയം കളയാതെ ഹീലി ബെയ്ൽസ് ഇളക്കി. പിന്നാലെ 17 പന്തിൽ നിന്ന് 14 റൺസുമായി റിച്ചയും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷ പൊലിഞ്ഞു. ദീപ്തി ശർമ 17 പന്തിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു. ബെത്ത് മൂണി, ക്യാപ്റ്റൻ മെഗ് ലാന്നിങ്, ആഷ്ലി ഗാർഡ്നർ എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 54 റൺസെടുത്ത മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഓപ്പണിങ് വിക്കറ്റിൽ അലിസ ഹീലിക്കൊപ്പം 52 റൺസിന്റെ കൂട്ടുകെട്ടും മൂണി പടുത്തുയർത്തി.

26 പന്തിൽ നിന്ന് 25 റൺസെടുത്ത ഹീലിയെ പുറത്താക്കി രാധ യാദവാണ് ഓസീസിന് ആദ്യ തിരിച്ചടി നൽകിയത്. പിന്നീട് ക്രീസിലെത്തിയ മെഗ് ലാന്നിങ്ങും മികച്ച ഫോമിൽ ബാറ്റ് വീശി. 34 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം പുറത്താകാതെ നിന്ന ലാന്നിങ്ങാണ് ഓസീസ് സ്‌കോർ 170 കടത്തിയത്. 18 പന്തിൽ നിന്ന് 31 റൺസെടുത്ത ആഷ്ലി ഗാർഡ്നറെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ 53 റൺസും ലാന്നിങ് ഓസീസ് സ്‌കോർബോർഡിലെത്തിച്ചു. ഗ്രേസ് ഹാരിസാണ് (7) പുറത്തായ മറ്റൊരു താരം. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ദീപ്തി ശർമ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.