- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യദിനം തന്നെ അപാര ടേണും ബൗൺസും; കുണ്ടും കുഴികളും പൊടിപടലങ്ങളും നിറഞ്ഞ ഇൻഡോറിലെ പിച്ച്; ഹോൾക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ വിധിച്ച് ഐസിസി; ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ ബിസിസിഐക്ക് തിരിച്ചടി
ഇൻഡോർ: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നിർണായക മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യ മൂക്കുകുത്തി വീണ് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഇൻഡോറിലെ പിച്ചിന് മോശം മാർക്കിട്ട് ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡാണ് ഇത് വിധിച്ചത്. ആവശ്യമെങ്കിൽ ബിസിസിഐക്ക് 14 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.
'ഹോൾക്കർ പിച്ച് വളരെ വരണ്ടതായിരുന്നു. ബാറ്റിംഗും ബൗളിംഗും സന്തുലിതമാക്കിയില്ല. തുടക്കം മുതൽ സ്പിന്നർമാർക്ക് മുൻതൂക്കം കിട്ടി. മത്സരത്തിലുടനീളം പ്രവചനതീതമായ ബൗൺസാണ് കണ്ടത്' എന്നും മാച്ച് റഫറി ക്രിസ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ചതോടെയാണ് ഐസിസിയുടെ നടപടി. ഐസിസി ഹോൾക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ വിധിച്ചു. സ്പിന്നർമാർ കളംവാണ ഇൻഡോർ ടെസ്റ്റിൽ ഓസീസ് മൂന്നാം ദിനത്തിലെ ആദ്യ സെഷൻ പൂർത്തിയാകും മുമ്പ് 9 വിക്കറ്റിന് വിജയിക്കുകയായിരുന്നു.
അപാര ടേണിന് പുറമെ അപ്രതീക്ഷിത ബൗൺസും ഡിപ്പും കുണ്ടും കുഴികളും പൊടിപടലങ്ങളും ഇൻഡോർ പിച്ചിനെ വ്യാപക വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഐസിസി മാച്ച് റഫറിയുടെ വിലയിരുത്തൽ.
അഞ്ച് വർഷത്തിനിടെ അഞ്ചോ അതിലധികമോ ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ ഒരു വർഷത്തേക്ക് ആ മൈതാനത്ത് രാജ്യാന്തര മത്സരങ്ങൾ നടത്താൻ പാടില്ല എന്നാണ് ഐസിസിയുടെ ചട്ടം. പേസർമാർക്ക് തുടക്കത്തിൽ ആനുകൂല്യം കിട്ടുമെന്നും നാഗ്പൂർ, ഡൽഹി പിച്ചുകളെ അപേക്ഷിച്ച് ബാറ്റിങ് കൂടുതൽ സൗഹാർദമാകുമെന്നും മൂന്നാം ദിനം മുതൽ ടേണുണ്ടാകുമെന്നും പ്രവചിക്കപ്പെട്ട ഹോൾക്കറിലെ പിച്ചിൽ ആദ്യ ദിനം തുടക്കം മുതൽ സ്പിന്നർമാർക്ക് മേധാവിത്തം ലഭിക്കുകയായിരുന്നു.
മാത്രമല്ല, അപ്രതീക്ഷ ടേണുകളും ബൗൺസും പന്ത് ചിലപ്പോഴൊക്കെ കാൽമുട്ടിനും വളരെ താഴ്ന്നതും ഇരു ടീമിലേയും ബാറ്റർമാരെ കുടുക്കിലാക്കിയിരുന്നു. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും മൂന്ന് ദിനങ്ങൾക്കപ്പുറം നീണ്ടില്ല. ഇതിനെ ന്യായീകരിച്ച് ഇൻഡോർ ടെസ്റ്റിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീളാറില്ലെന്നായിരുന്നു രോഹിത്തിന്റെ പ്രധാന വാദം. 'അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങൾ ഉണ്ടാകണമെങ്കിൽ കളിക്കാർ മികച്ച പ്രകടനം പുറത്തെടുക്കണം. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മൂന്ന് ദിവസത്തിലാണ് പൂർത്തിയായത്.
പാക്കിസ്ഥാനിൽ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടപ്പോൾ ആളുകൾക്ക് രസംകൊല്ലിയായിരുന്നു. ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്‌ത്തുകയല്ലേ ചെയ്യുന്നത്' എന്നായിരുന്നു മത്സര ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി.
ഓസ്ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ജയത്തോടെ ഓസ്ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. ഇതോടെ ചില മോശം റെക്കോർഡുകളുടെ പട്ടികയിലും രോഹിത് ശർമയുടെ ടീം ഇടംപിടിച്ചു. ഏറ്റവും വലിയ തോൽവികളിലൊന്നാണ് ഇന്ത്യ ഇൻഡോറിൽ നേരിട്ടത്.
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തം നാട്ടിൽ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. 1135 പന്തുകൾ മാത്രമാണ് മത്സരത്തിൽ എറിഞ്ഞത്. 1951/52ൽ കാൺപൂരിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1459 പന്തുകൾ മാത്രമാണ് മത്സരത്തിൽ എറിഞ്ഞത്. 1983/84ൽ വെസ്റ്റ് ഇൻഡീസിനെതിരെ കൊൽക്കത്തയിൽ തോറ്റതാണ് മൂന്നാമത്. 1474 പന്തുകളാണ് മത്സരത്തിൽ എറിഞ്ഞിരുന്നു. 2000/01ൽ മുംബൈ തോറ്റതും പട്ടികയിലുണ്ട്. അന്ന് 1476 പന്തുകളാണ് എറിഞ്ഞത്
നാട്ടിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ തോൽക്കുന്നതും അപൂർവമായിട്ടേ ഉണ്ടായിട്ടുള്ളൂ. 2012/13ൽ ഇംഗ്ലണ്ടിനോട് കൊൽക്കത്തയിലാണ് ഇന്ത്യ ഇത്തരത്തിൽ അവസാനമായി തോറ്റത്. മാത്രമല്ല, നാട്ടിൽ ഇന്ത്യ മൂന്ന് ദിവസം പൂർത്തിയാക്കാതെ തോൽക്കുന്നത് ആറാം തവണയാണ്. 2016ൽ പൂണെയിൽ ഓസ്ട്രേലിയക്കെതിരെയാണ് അവസാനമായി തോറ്റത്. 2007ൽ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോടും ഇത്തരത്തിൽ തോറ്റു. 2000ൽ ഓസ്ട്രേലിയയോടും തൊട്ടുമുമ്പത്തെ വർഷം ദക്ഷിണാഫ്രിക്കയോടും ഇതേ രീതിയിൽ ഇന്ത്യ തോറ്റു. രണ്ട് മത്സരങ്ങളും മുംബൈയിലായിരുന്നു.
ഹോൾക്കർ സ്റ്റേഡിയത്തിൽ ഒമ്പത് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 76 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: ഇന്ത്യ 109, 163 & ഓസ്ട്രേലിയ 197, 76. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. 49 റൺസോടെ പുറത്താവാതെ നിന്ന ട്രോവിസ് ഹെഡാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നതാൻ ലിയോണാണ് മത്സരത്തിലെ താരം.