മുംബൈ: വനിതാ പ്രീമിയർ ലീഗിലെ അവസാന ഓവർ ത്രില്ലറിൽ അവിസ്മരണീയ ജയം കുറിച്ച് യു പി വാരിയേഴ്‌സ്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഗ്രേസ് ഹാരിസ്-സോഫീ എക്കിൾസ്റ്റൺ സഖ്യമാണ് യു പി വാരിയേഴ്‌സിന് ത്രില്ലർ ജയം സമ്മാനിച്ചത്. 170 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ യുപി ഒരു പന്ത് ശേഷിക്കേ ജയത്തിലെത്തി. 19.5 ഓവറിൽ സിക്‌സോടെ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ഓസ്‌ട്രേലിയൻ താരം ഗ്രേസ് ഹാരിസ്.

ഗ്രേസ് 26 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 59 റൺസും ഇംഗ്ലീഷ് താരം സോഫീ എക്കിൾസ്റ്റൺ 12 പന്തിൽ ഓരോ ഫോറും സിക്‌സുമായി 22 റൺസെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റിൽ ഇരുവരും 70 റൺസാണ് ചേർത്തത്. ഗ്രേസ് വെറും 25 പന്തിൽ ഫിഫ്റ്റി കണ്ടെത്തി.

മറുപടി ബാറ്റിംഗിൽ അലീസ ഹീലി എട്ട് പന്തിൽ 7 ഉം ശ്വേത ഷെരാവത് ആറ് പന്തിൽ 5 ഉം തഹ്‌ലിയ മഗ്രാത്ത് ഗോൾഡൻ ഡക്കായും പുറത്തായപ്പോൾ 2.6 ഓവറിൽ 20 റൺസ് മാത്രമാണ് യുപി വാരിയേഴ്‌സിനുണ്ടായിരുന്നത്. കിം ഗാർത്താണ് മൂവരേയും പറഞ്ഞയച്ചത്. കിരൺ നവ്ഗീർ ഒരുവശത്ത് പിടിച്ചുനിന്നെങ്കിലും ദീപ്തി ശർമ്മയ്ക്ക് ഏറെ നേരം പിന്തുണ നൽകാനായില്ല.

ദീപ്തി 16 പന്തിൽ 11 എടുത്ത് മൻസി ജോഷിയുടെ പന്തിൽ പുറത്തായി. 43 പന്തിൽ 53 റൺസെടുത്ത കിരൺ നവ്ഗീറിനെയും ഗോൾഡൻ ഡക്കായി സിമ്രാൻ ഷെയ്ഖിനെയും പറഞ്ഞയച്ച് കിം അഞ്ച് വിക്കറ്റ് തികച്ചു. ഈ സമയം വിജയപ്രതീക്ഷയിലായിരുന്നു ഗുജറാത്ത് ജയന്റ്‌സ് ടീം. എന്നാൽ ഒരൊറ്റ ഓവർ കൊണ്ട് കളി മാറി.

മൂന്ന് ഓവറിൽ 16 റൺസിനാണ് കിം അഞ്ച് വിക്കറ്റ് തികച്ചതെങ്കിലും തന്റെ അവസാന ഓവറിൽ താരം റൺസ് 20 റൺസ് വഴങ്ങിയത് തിരിച്ചടിയായി. ഇതിനിടെ ദേവിയ വൈദ്യയെ(7 പന്തിൽ 4) അന്നാബേൽ സത്തർലാൻഡ് പുറത്താക്കി. അവസാന ഓവറിലെ 19 റൺസ് ലക്ഷ്യത്തിലേക്ക് യുപിയെ ഗ്രേസ് ഹാരിസും സോഫീ എക്കിൾസ്റ്റണിനും 19.5 ഓവറിൽ എത്തിലെത്തിച്ചു. വൈഡുകൾ എറിഞ്ഞ് സത്തർലൻഡ് സമ്മർദത്തിൽ വീണുപോയി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 32 പന്തിൽ ഏഴ് ഫോറോടെ 46 റൺസ് നേടിയ ഹർലീൻ ഡിയോളാണ് ടോപ് സ്‌കോറർ. യുപി വാരിയേഴ്‌സിനായി ദീപ്തി ശർമ്മയും സോഫീ എക്കിൾസ്റ്റണും രണ്ട് വീതവും അഞ്ജലി സർവാനിയും തഹ്‌ലിയ മഗ്രാത്തും ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്‌സിന് ഓപ്പണിങ് വിക്കറ്റിൽ 34 റൺസാണ് 3.5 ഓവറിൽ ചേർക്കാനായത്. 11 പന്തിൽ 13 റൺസുമായി സോഫീ ഡങ്ക്‌ലിയും 15 പന്തിൽ 24 റണ്ണെടുത്ത് സബ്ബിനേനി മേഘ്‌നയും പുറത്തായി. മൂന്നാം നമ്പറുകാരി ഹർലീൻ ഡിയോൾ ഒരറ്റത്ത് പിടിച്ചുനിന്നപ്പോൾ അന്നാബേൽ സത്തർലൻഡ് 10 പന്തിൽ എട്ടും വിക്കറ്റ് കീപ്പർ സുഷമ വർമ്മ 13 പന്തിൽ 9 ഉം റണ്ണെടുത്ത് പുറത്തായി.

ഇതിന് ശേഷം 19 പന്തിൽ 25 റൺസ് നേടിയ ആഷ്‌ലീ ഗാർഡ്‌നർ ടീമിനെ 100 കടത്തി. എന്നാൽ വ്യക്തിഗത സ്‌കോർ 46ൽ നിൽക്കേ സിക്‌സിന് ശ്രമിച്ച ഹർലീൻ ഡിയോൾ പുറത്തായി. അവസാന ഓവറുകളിൽ 13 പന്തിൽ 21* റൺസുമായി ദയാലൻ ഹേമലതയും 7 പന്തിൽ 9* റൺസെടുത്ത് ക്യാപ്റ്റൻ സ്‌നേഹ് റാണയും ഗുജറാത്തിന് മികച്ച സ്‌കോർ ഉറപ്പിച്ചു.