കൊൽക്കത്ത: ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരം നവീൻ ഉൾ ഹഖിനെ നിർത്തിപ്പൊരിച്ച് വിരാട് കോലി ആരാധകർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ആരാധകരുടെ 'കോലി, കോലി' ചാന്റുകൾ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് ഉയർന്നത്.

കൊൽക്കത്ത ബാറ്റിങ്ങിനിടെ രണ്ടാം ഓവർ എറിയാൻ ലക്‌നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നവീൻ ഉൾ ഹഖിനെ പന്ത് ഏൽപിച്ചപ്പോൾ മുതൽ ഗാലറിയിലെ 'വിരാട് കോലി ആരാധകർ' ആർത്തലച്ചു. കോലി, കോലി ചാന്റുകൾ നവീൻ ഉൾ ഹഖ് പന്തെറിയാൻ എത്തിയപ്പോഴെല്ലാം ഗാലറിയിൽ മുഴങ്ങി.

മത്സരത്തിൽ വിക്കറ്റുകളൊന്നും നേടാൻ നവീൻ ഉൾ ഹഖിനു സാധിച്ചില്ലെങ്കിലും കൊൽക്കത്ത താരം റഹ്‌മാനുല്ല ഗുർബാസ് പുറത്തായപ്പോൾ ആരാധകരുടെ നേരെ അഫ്ഗാൻ താരം തിരിഞ്ഞു. ആരാധകരെ നോക്കി മിണ്ടാതിരിക്കാൻ താരം ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

നവീൻ ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു കാണികൾ ഉറക്കെ കോലി...കോലി ചാന്റ് ഉയർത്തിയത്. കാണികളോട് ഇനിയും വിളിക്കു, ഇനിയും വിളിക്കൂ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി. മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ നവീൻ 46 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്‌ത്താനായിരുന്നില്ല.

കൊൽക്കത്തക്ക് ജയിക്കാൻ രണ്ടോവറിൽ 41 റൺസ് വേണമെന്ന ഘട്ടത്തിൽ നിർണായ പത്തൊമ്പതാം ഓവർ എറിഞ്ഞ നവീനെതിരെ റിങ്കു സിങ് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 20 റൺസടിക്കുകയും ചെയ്തു. ഇതിൽ റിങ്കു പറത്തിയ സിക്‌സ് 110 മീറ്റർ ദൂരത്തേക്കാണ് പറന്നത്.

നേരത്തെ ലഖ്‌നൗവിലെ ഹോം ഗ്രൗണ്ടിലും കാണികൾ കോലി വിളികളുമായി നവീനിനെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ നടന്ന ആർസിബി- ലഖ്നൗ മത്സരത്തിനിടെയായിരുന്നു നവീനും കോലിയും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. ലഖ്‌നൗ ഇന്നിങ്‌സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ ഓടിയെത്തിയ കോലി തന്റെ കാലിലെ ഷൂ ഉയർത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയർത്തിക്കാട്ടി എന്തോ പറഞ്ഞതായിരുന്നു തുടക്കം.

മത്സരശേഷം കളിക്കാർ തമ്മിൽ ഹസ്തദാനം നടത്തുമ്പോൾ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീൻ അതിന് അതേ രീതിയിൽ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെൻ മാക്‌സ്വെൽ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്.

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലക്‌നൗ കളിക്കാനെത്തിയപ്പോൾ ടീം മെന്ററായ ഗൗതം ഗംഭീർ ആരാധകർക്കു നേരെ ഇതേ രീതിയിൽ പ്രതികരിച്ചിരുന്നു. കൊൽക്കത്തയ്‌ക്കെതിരെ നാല് ഓവറുകൾ പന്തെറിഞ്ഞ നവീൻ ഉൾ ഹഖ് 46 റൺസാണ് ആകെ വഴങ്ങിയത്. 15 ഉം 17 ഉം ഓവറുകൾ പന്തെറിയാനെത്തിയ നവീൻ യഥാക്രമം ആറും ഏഴും റൺസ് മാത്രമാണു വഴങ്ങിയത്. എന്നാൽ 20ാം ഓവറിൽ കൊൽക്കത്ത ബാറ്റർ റിങ്കു സിങ് 20 റൺസ് അടിച്ചെടുത്തു.

മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ഒരു റണ്ണിനാണ് ലക്‌നൗ വിജയിച്ചത്. ജയത്തോടെ ലക്‌നൗ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ലക്‌നൗ സൂപ്പർ ജയന്റ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു.