മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോൺസറായി അഡിഡാസിനെ പ്രഖ്യാപിച്ച് ബിസിസിഐ. ജൂൺ മുതൽ അഡിഡാസ് ലോഗോയുള്ള ജേഴ്സി ധരിച്ചാവും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുക. അഞ്ച് വർഷത്തേക്കാണ് കരാർ. നിലവിലെ സ്പോൺസർമാരായ 'കില്ലറു'മായുള്ള കരാർ ഈ മാർച്ചിൽ അവസാനിച്ചിരുന്നു. ഇന്ത്യയുടെ പുരുഷ- വനിതാ ടീമിന്റേയും യൂത്ത് ടീമിന്റേയും ജേഴ്സിയിൽ ഇനി അഡിഡാസിന്റെ പേരുണ്ടായിരിക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി അഡിഡാസിന്റെ ജേഴ്സി അണിയുക. ബി.സി.സിഐ സെക്രട്ടറി ജയ് ഷായാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

'അഡിഡാസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്പോൺസറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ബ്രാൻഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാൻ സാധിച്ചു. അഡിഡാസിന് സ്വാഗതം'- ജയ് ഷാ കുറിച്ചു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി അഡിഡാസ് പുതിയ ജഴ്സി അണിയിച്ചൊരുക്കും.

എത്ര തുകക്കാണ് കരാറെന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ കിറ്റ് സ്പോൺസർമാരായിരുന്ന എംപിഎല്ലിൽ നിന്ന് താൽക്കാലിക അടിസ്ഥാനത്തിലാണ് ജീൻസ് നിർമ്മാതാക്കളായ കില്ലർ കിറ്റ് സ്പോൺസർമാരായത്. എംപിഎൽ കിറ്റ് സ്പോൺസർമാരായിരുന്നപ്പോൾ ഓരോ മത്സരത്തിനും 65 ലക്ഷം രൂപയാണ് കിറ്റ് സ്പോൺസർഷിപ്പ് തുകയായി ബിസിസിഐക്ക് നൽകിയിരുന്നത്. ഇതിന് പുറമെ ഒമ്പത് കോടി രൂപ വാർഷിക റോയൽറ്റിയായും മൂന്ന് വർഷ കരാറിൽ എംപിഎൽ നൽകിയിരുന്നു.

2016 മുതൽ 2020വരെ നൈക്ക് ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്പോൺസർമാർ. 2020ൽ നൈക്ക് പിന്മാറിയതോടെയാണ് മൂന്ന് വർഷ കരാറിൽ എംപിഎൽ ഇന്ത്യയുടെ കിറ്റ് സ്പോൺസർമാരായത്. എന്നാൽ മാർച്ച് വരെ കാലാവധിയുണ്ടായിട്ടും എംപിഎൽ ഡിസംബറിൽ കരാറിൽ നിന്ന് പിന്മാറി. തുടർന്നാണ് കില്ലർ ജീൻസ് ബ്രാൻഡുമായി മാർച്ച് വരെ ബിസിസിഐ കരാറിലെത്തിയത്. കഴിഞ്ഞ ബംഗ്ലാദേശ് പരമ്പര മുതലായിരുന്നു ഇത്. നൈക്ക് പോലെ ആഗോള ബ്രാൻഡുകളിലൊന്നുമായി കരാറിലെത്താനുള്ള ബിസിസിഐ ശ്രമമാണ് ഇപ്പോൾ വിജയിച്ചത്.

നേരത്ത മുംബൈ ഇന്ത്യൻസിന്റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോൺസർമാരായിരുന്നു അഡിഡാസ്. നിലവിൽ ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻ രോഹിത് ശർമ, കുൽദീപ് യാദവ്, റിഷഭ് പന്ത് എന്നിവരുടെ കിറ്റ് സ്പോൺസർമാർ കൂടിയാണ് അഡിഡാസ്. ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോൺസർമാരാവുന്നതോടെ അഡിഡാസ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരിക കൂടിയാണ്. ഇംഗ്ലണ്ട് ടീമുമായുള്ള കരാർ അവസാനിച്ചശേഷം നോട്ടിംങ്ഹാംഷെയർ, സൗത്ത് ഈസ്റ്റ് സ്റ്റാർസ്, സറെ ടീമുകളെ അഡിഡാസ് സ്പോൺസർ ചെയ്തിരുന്നു.