മുംബൈ: അടുത്തമാസം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവച്ച യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിക്കാനാണു സാധ്യത. ഏകദിന പരമ്പരയുടെ തീയതികൾ പുറത്തുവന്നിട്ടില്ലെങ്കിലും ജൂൺ മൂന്നാമത്തേയോ, നാലാമത്തേയോ ആഴ്ചയിലായിരിക്കും മത്സരങ്ങൾ. ഇന്ത്യൻ ടീമിന് മത്സരങ്ങൾ ഏറെയുള്ളതിനാൽ പരമ്പര ഉപേക്ഷിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

പ്രധാന താരങ്ങളുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. ജൂൺ ഏഴിനാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ജൂലൈയിൽ ഇന്ത്യയ്ക്ക് വെസ്റ്റ് ഇൻഡീസ് പര്യടനവുമുണ്ട്. വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്റി20യുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 12 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം.

അതിനു ശേഷം അയർലൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും കളിക്കും. തിരക്കേറിയ ഷെഡ്യൂളിനിടെയാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയും കടന്നുവരുന്നത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയേക്കും. യശസ്വി ജയ്‌സ്വാൾ, രവി ബിഷ്‌ണോയ്, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ തുടങ്ങിയ യുവതാരങ്ങൾക്കും ടീം ഇന്ത്യ അവസരം നൽകിയേക്കും.