- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂര; ഔട്ട്ഫീൽഡിലെ വെള്ളം ഒപ്പിയെടുക്കാൻ പെയിന്റ് ബക്കറ്റും സ്‌പോഞ്ചും; ക്രീസ് ഉണക്കാൻ ഹെയർ ഡ്രയറും ഇസ്തിരിപ്പെട്ടിയും; ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിലെ ദാരിദ്രക്കാഴ്ചകൾ; രാജ്യത്തെ നാണംകെടുത്തി ബിസിസിഐ
അഹ്‌മദാബാദ്: ഐ.പി.എൽ കലാശപ്പോരാട്ടത്തിന് വേദിയായ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്ന് കഴിഞ്ഞ രണ്ട് ദിവസം കണ്ടത് രാജ്യത്തെ തന്നെ നാണംകെടുത്തുന്ന കാഴ്ചകൾ. ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിയപ്പോൾ കൂടുതൽ നാണക്കേടിന്റെ കാഴ്ചകൾക്കാണ് മത്സരം നേരിട്ട് കാണാൻ സ്‌റ്റേഡിയത്തിൽ എത്തിയ ആരാധകർ അടക്കം സാക്ഷിയായത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ് കഴിഞ്ഞ് ചെന്നൈ ബാറ്റിങ് തുടങ്ങിയതോട മഴ വീണ്ടും വില്ലനായെത്തി. മഴ മാറിയിട്ടും പിച്ചിലെ വെള്ളം പാരയായി. പിന്നീട് കണ്ടത് വെള്ളം വറ്റിക്കാൻ സ്‌പോഞ്ചും പെയിന്റ് ബക്കറ്റുമായി ജോലിക്കാർ ക്രീസിലിറങ്ങുന്നതാണ്. ക്രീസ് ഉണക്കാൻ ഹെയർ ഡ്രയറും ഇസ്തിരിപ്പെട്ടിയുമെല്ലാം. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന്റെ കൈയിൽ മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഒന്നുമില്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു ഇന്നലത്തെ ഗ്രൗണ്ടിലെ കാഴ്ചകൾ.
ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിൽ ആരംഭിച്ച ശക്തമായ മഴ രാത്രി വൈകിയും തുടർന്നതോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫൈനൽ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചത്തേയ്ക്കു മാറ്റിയത്. ഞായറാഴ്ചത്തെ മഴയിൽ മോദി സ്റ്റേഡിയത്തിലെ ഗാലറി ചോർന്നൊലിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കനത്ത മഴയിൽ മേൽക്കൂര ചോർന്നൊലിച്ച് കാണികൾക്ക് ഇരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.
തിങ്കളാഴ്ച, ചെന്നൈയുടെ മറുപടി ബാറ്റിങ് തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് മഴ തുടങ്ങിയത്. അരമണിക്കൂറിനുശേഷം മഴ ശമിച്ചെങ്കിലും ഔട്ട്ഫീൽഡിലെ നനവ് മാറാത്തതിനാൽ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെയാണ് ബിസിസിഐക്കെതിരെ വിമർശന'മഴ' തുടങ്ങിയത്.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐക്ക് മൈതാനം ഉണക്കാനുള്ള അത്യാധുനിക സംവിധാനങ്ങളില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. വെള്ളം ഒപ്പിയെടുക്കാൻ ഇപ്പോഴും പെയിന്റ് ബക്കറ്റും സ്‌പോഞ്ചും തന്നെ ശരണമെന്നും ട്രോളന്മാർ പരിഹസിച്ചു. ഇതിനിടയിൽ, ഹെയർ ഡ്രൈയർ, ഇസ്തിരിപ്പെട്ടി തുടങ്ങിയ സാധനങ്ങളും ഗ്രൗണ്ടിൽ കണ്ടതോടെ ബിസിസിഐ ഫുൾ 'എയറിലായി'.
ബി.സി.സിഐയുടെ പകുതി പോലും വരുമാനമില്ലാത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിച്ചും ഔട്ട് ഫീൽഡുമെല്ലാം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ ബി.സി.സിഐയെ പരിഹസിച്ചു. നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ കുത്തിപ്പൊക്കി.
'1,32,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഡ്രൈനേജ് സംവിധാനമാണുള്ളത്. മഴ മൂലം കളി നഷ്ടപ്പെടില്ല, മഴ മാറി 30 മിനിറ്റികം കളി പുനരാരംഭിക്കാനാവും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ വരെ നടത്താൻ കഴിയും', എന്നിങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകൾ.
എന്തായാലും മൂന്നു ദിവസത്തോളം നീണ്ടെങ്കിലും മഴയിൽ മുങ്ങുമെന്ന് കരുതിയിരുന്ന ഐപിഎൽ ഫൈനൽ പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് സംഘാടകരായ ബിസിസിഐ. ഞായറാഴ്ച നടത്താനിരുന്ന ഫൈനൽ കനത്ത മഴയെ തുടർന്നുണ്ടായ തടസ്സങ്ങൾ പിന്നിട്ട് ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ചാംപ്യന്മാരാകുകയും ചെയ്തു.
നിലവിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. ഒരേസമയം ഇവിടെ 1.32 ലക്ഷം പേർക്കു കളി കാണാം. 2021 ഫെബ്രുവരിയിലാണ് മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. സ്റ്റേഡിയത്തിൽ ജോയിന്റ് ഇന്നവേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫൈനൽ മത്സരത്തിനു മുന്നോടിയായി ഞായറാഴ്ച നിർവ്വഹിച്ചിരുന്നു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നാകും നരേന്ദ്ര മോദി സ്റ്റേഡിയം.
സ്പോർട്സ് ഡെസ്ക്