ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യൻ ടീം ഇറങ്ങുക പുതിയ കിറ്റ് സ്‌പോൺസർമാരായ അഡിഡാസ് അവതരിപ്പിച്ച പുതിയ ജഴ്‌സി അണിഞ്ഞ്. ഇന്ത്യൻ നായകൻ രോഹിത് ശർമയും വിരാട് കോലിയും പുതിയ ജഴ്‌സി അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോൺസർമാരായ അഡിഡാസ് ഇന്ത്യയുടെ പുതിയ ജേഴ്‌സികൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നെങ്കിൽ താരങ്ങൾ ജേഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയിൽ മുമ്പ് ഇന്ത്യ എന്ന് കറുത്ത ആക്ഷരത്തിലാണ് എഴുതിയിരുന്നതെങ്കിൽ പുതിയ ജേഴ്‌സിയിൽ ഇത് നീലനിറത്തിലാണ്. ഏകദിന, ടി20 ടീമുകളുടെ ജേഴ്‌സിയും വനിതാ ടീമിന്റെ ജേഴ്‌സിയും അവതരിപ്പിച്ച അഡിഡാസ് താരങ്ങൾ ജേഴ്‌സി ധരിച്ചു നിൽക്കുന്ന പ്രൊമോ വീഡിയോയും പുറത്തുവിട്ടു.

ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജേഴ്‌സികൾ നാളെ മുതൽ വിൽപ്പനക്കുമെത്തും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ്, ടി20 ജേഴ്‌സികൾക്ക് 4999 രൂപയാണ് അഡിഡാസ് വിലയിട്ടിരിക്കുന്നത്. ഏകദിന റിപ്ലിക്ക ജേഴ്‌സിക്ക് 2999 രൂപയും ഏകദിന ഫാൻ ജേഴ്‌സിക്ക് 999 രൂപയുമാണ് അഡിഡാസ് വിലയിട്ടിരിക്കന്നത്.

നൈക്കിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകോത്തര കായിക ഉൽപന്ന നിർമ്മാതാക്കൾ ടീം ഇന്ത്യയുടെ ജേഴ്സി ഒരുക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ഓവലിൽ ജൂൺ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രോഹിത് ശർമ്മയും കൂട്ടരും പുതിയ ജേഴ്സിയിലാണ് ഇറങ്ങുക.

അഞ്ച് വർഷത്തേക്ക് 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിർമ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാർ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് കരാർ തുക എന്നാണ് റിപ്പോർട്ട്. എംപിഎൽ സ്‌പോൺസർഷിപ്പ് അവസാനിപ്പിച്ച ശേഷം കില്ലറായിരുന്നു ഇടക്കാലത്തേക്ക് ഇന്ത്യൻ ടീമിന്റെ ജേഴ്സി തയ്യാറാക്കിയിരുന്നത്. സീനിയർ ടീമുകൾക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്റെ കിറ്റാണ് ഇനി ധരിക്കുക.