ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്ക് തിരിച്ചടി. പരിചയസമ്പന്നനായ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിൽ ഫൈനലിൽ നിന്നും പിൻവാങ്ങി. ആഷസ് പരമ്പരയ്ക്ക് മുൻകരുതൽ എന്ന നിലയ്ക്കാണ് ഹേസൽവുഡിന്റെ പിന്മാറ്റം.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഹേസൽവുഡിന്റെ പകരക്കാരനായി മൈക്കൽ നെസറിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. എന്നാൽ ഇംഗ്ലണ്ടിന് എതിരായ വിഖ്യാത ആഷസ് പരമ്പരയിൽ ഹേസൽവുഡ് ടീമിലേക്ക് മടങ്ങിവരും

ഐപിഎൽ പതിനാറാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കവേയാണ് ജോഷ് ഹേസൽവുഡിന് പരിക്കേറ്റത്. ഇതിനെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് മാറി ഓവലിലെ ഫൈനലിലൂടെ ഹേസൽവുഡ് തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് താരം പുറത്തായത്. ഹേസൽവുഡിന് പകരം സ്‌ക്വാഡിൽ ഇടംപിടിച്ച നെസർ മികച്ച ഫോമിലുള്ള താരമാണ്.

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ 19 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഇതുവരെ ഓസീസിനായി രണ്ട് ടെസ്റ്റുകളാണ് നെസർ കളിച്ചിട്ടുള്ളത്. ഓസീസിനായി 59 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മുപ്പത്തിരണ്ടുകാരനായ ജോഷ് ഹേസൽവുഡ് 222 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റ് ഫൈനലിൽ ഇന്ത്യക്കെതിരെ നായകൻ പാറ്റ് കമ്മിൻസിനൊപ്പം മിച്ചൽ സ്റ്റാർക്കും ഹേസൽവുഡും സ്പെഷ്യലിസ്റ്റ് പേസർമാരായി ഇറങ്ങും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. കുറച്ച് വർഷങ്ങളായി ഓസീസ് പേസ് ത്രയം എന്നാണ് മൂവരും വിശേഷിപ്പിക്കപ്പെടുന്നത്.

ജൂൺ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം 16 മുതൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര ഓസീസിനുണ്ട്. എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിൽ ജോഷ് ഹേസൽവുഡ് കളിക്കും എന്നാണ് ഓസീസ് മുഖ്യ സെലക്ടർ ജോർജ് ബെയ്ലിയുടെ വാക്കുകൾ.

'ജോഷ് പൂർണ ഫിറ്റ്നസ് കൈവരിക്കുന്നതിന് തൊട്ടരികെയാണ്. എന്നാൽ വരാനിരിക്കുന്ന പരമ്പര മുൻനിർത്തി ഒരു മത്സരത്തിൽ നിന്ന് മാറ്റിനിർത്തുകയാണ്. എഡ്ജ്ബാസ്റ്റണിൽ കളിക്കാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ ജോഷിന് ഇതിലൂടെ സാധിക്കും. ഏഴ് ആഴ്ചയ്ക്കിടെ ആറ് ടെസ്റ്റുകൾ കളിക്കേണ്ടതിനാൽ എല്ലാ പേസർമാരും ഫിറ്റ്നസിൽ ആയിരിക്കേണ്ടതുണ്ട്' എന്നും ജോർജ് ബെയ്ലി വ്യക്തമാക്കി. നിരന്തരം അലട്ടിവരുന്ന പരിക്ക് കാരണം 2021 ജനുവരി മുതൽ നാല് ടെസ്റ്റുകൾ മാത്രമേ ഹേസൽവുഡിന് കളിക്കാനായിട്ടുള്ളൂ.

അതേ സമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദിയായ ഓവലിലെ സാഹചര്യം വിരാട് കോലിക്ക് അനുയോജ്യമെന്ന് ഇന്ത്യൻ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കലാശപ്പോരിന് മുമ്പ് ഓസീസ് കനത്ത മുന്നറിയിപ്പ് നൽകുന്നതാണ് ചാപ്പലിന്റെ ഈ വാക്കുകൾ.

ഐപിഎല്ലിലെ ഗംഭീര ഫോം തുടരാനാണ് വിരാട് കോലി ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അങ്കത്തിന് ഇറങ്ങുക. ജൂൺ ഏഴ് മുതൽ 11 വരെയാണ് മത്സരം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി തുടർച്ചയായ സെഞ്ചുറികൾ നേടിയ കിങ് കോലി ഫോം തുടർന്നാൽ ഇന്ത്യ റൺമഴ പെയ്യിക്കും ഓവലിൽ എന്നാണ് ആരാധകരുടെ പ്രതീക്ഷ. മുപ്പത്തിനാലുകാരനായ കോലിക്ക് റൺ കൊയ്യാൻ പറ്റുന്ന സാഹചര്യമാണ് ഓവലിലേക് എന്ന് ഇന്ത്യൻ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ വിലയിരുത്തുന്നു.

'ഓസ്ട്രേലിയക്ക് എതിരെ ബാറ്റ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നയാളാണ് വിരാട് കോലി. അത് നമ്മൾ ഓസ്ട്രേലിയയിൽ കണ്ടിട്ടുണ്ട്. കോലിയുടെ റെക്കോർഡ് അത് തെളിയിക്കുന്നു. ഓവലിലെ പിച്ച് ബൗൺസ് ചെയ്യാനാണ് സാധ്യത. അത് വിരാട് കോലിക്ക് ഉചിതമാകും. ഓവലിൽ വരണ്ട കാലാവസ്ഥയാണെങ്കിൽ അത് കോലിക്ക് അനുയോജ്യമാണ്. മാനസികമായി കോലി ഒരുങ്ങിയെങ്കിൽ റൺസ് കണ്ടെത്തും എന്നുറപ്പാണ്. അത്രത്തോളം മികച്ച താരമാണ് കോലി'യെന്ന് മുൻ പരിശീലകൻ കൂട്ടിച്ചേർത്തു. ഓവലിൽ ജൂൺ ഏഴാം തിയതാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ ആരംഭിക്കുക.