- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലി ഒഴിഞ്ഞപ്പോൾ ടെസ്റ്റ് നായകസ്ഥാനം രോഹിത്തിനെ അടിച്ചേൽപ്പിച്ചു; ഗാംഗുലിയും ജെയ് ഷായുമായിരുന്നു പിന്നിൽ! ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് പുതിയ നായകൻ; അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യക്ക് കടുപ്പമേറും
മുംബൈ: ടി20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ വിരാട് കോലിക്ക് പകരമായാണ് രോഹിത് ശർമ ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനാക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തോടെ കോലി സ്ഥാനമൊഴിയുകയായിരുന്നു. ഇന്ത്യ പരമ്പര 1-2ന് തോറ്റിരുന്നു. നേരത്തെ ടി20 ലോകകപ്പിലെ തോൽവിയോടെ ആ ഫോർമാറ്റിൽ നിന്നും കോലി വിട്ടുനിന്നിരുന്നു. പിന്നീടാണ് മൂന്ന് ഫോർമാറ്റിലും രോഹിത് നായക സ്ഥാനം ഏറ്റെടുത്തത്.
എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ കനത്ത തോൽവിക്ക് പിന്നാലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ഫോർമാറ്റിൽ നായകസ്ഥാനം രോഹിത്തിന് കൊടുക്കാൻ സെലക്ടർമാർക്ക് താൽപര്യമില്ലായിരുന്നുവെന്നും അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവർ നായകസ്ഥാനം രോഹിത്തിൽ കെട്ടിവെക്കുകയായിരുന്നുവെന്നാണ്. ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
പിടിഐ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിന് നായകസ്ഥാനം നൽകുന്നതിൽ എതിർപ്പുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ ശരീരഭാഷ ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലെന്ന ചിന്തയായിരുന്നു. എന്നാൽ ഗാംഗുലിയും ജെയ് ഷായും രോഹിത്തിനെ ഏൽപ്പിക്കുകയായിരുന്നു. കെ എൽ രാഹുൽ പാകമാകുന്നത് വരെ രോഹിത്തിനോട് ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടത്.'' പുറത്തായ റിപ്പോർട്ടിൽ പറയുന്നു.
രോഹിത്തിനെ ക്യാപ്റ്റൻ അധികം വൈകാതെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം മാറ്റം വന്നേക്കും. ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് മുപ്പത്തിയഞ്ചുകാരനായ രോഹിത്തിന്റെ ക്യാപ്റ്റൻസി സംബന്ധിച്ച് സെലക്ടർമാർ തീരുമാനമെടുത്തേക്കും. പകരം ആര് ക്യാപ്റ്റനാവുമെന്നുള്ളതാണ് പ്രധാന ചോദ്യം. ക്യാപ്റ്റനാവുമെന്ന് കരുതപ്പെട്ടിരുന്ന റിഷഭ് പന്ത് ഇപ്പോൾ പരിക്കിനെ തുടർന്ന് ടീമിന് പുറത്താണ്.
അദ്ദേഹത്തിന് എന്ന് തിരിച്ചെത്താനുമെന്ന് ഉറപ്പില്ല. കെ എൽ രാഹുലിനാവട്ടെ നായകനെന്ന നിലയിൽ അധികമൊന്നും ചെയ്യാനാവുന്നില്ല. അടുത്ത സൂപ്പർസ്റ്റാറെന്ന് വിശേഷിക്കപ്പെട്ട ശുഭ്മാൻ ഗില്ലിന് മത്സരപരിചയവുമില്ല. ഗിൽ പാകമാവുന്നത് വരെ ഏതെങ്കിലും സീനിയർ താരത്തെ നായകസ്ഥാനം ഏൽപ്പിക്കാനാണ് ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നത്. അങ്ങനെ തീരുമാനിച്ചാൽ ആർ അശ്വിൻ, അജിൻക്യ രഹാനെ എന്നിവരിൽ ഒരാൾ ക്യാപ്റ്റനാവുമെന്നാണ് വിലയിരുത്തൽ.
വിൻഡീസ് പര്യടനം കഴിഞ്ഞ് സെലക്ടർമാർ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും. രോഹിതിന്റെ പ്രായവും മോശം ഫോമും താരത്തിന് തിരിച്ചടിയാണ്. ജൂലൈ 12 ന് ആരംഭിക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് ഉണ്ടാവുക. 2022-ൽ രോഹിത് ടെസ്റ്റ് നായകനായ ശേഷം ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചു. മൂന്ന് ടെസ്റ്റുകൾ താരത്തിന് നഷ്ടമായി. 7 ടെസ്റ്റുകളിൽ നിന്ന് 390 റൺസ് മാത്രമാണ് രോഹിത് ശർമ്മ നേടിയത്.11 ഇന്നിങ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറി മാത്രമാണ് നേടിയത് .
അതിനിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മൂന്നാം പതിപ്പിന്റെ ഔദ്യോഗിക മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. മറ്റന്നാൾ തുടങ്ങുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന് തുടക്കമാകുക. കഴിഞ്ഞ രണ്ട് തവണയും ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഇത്തവണ പക്ഷെ കാര്യങ്ങൾ കുറച്ചു കൂടി കടുപ്പമാണെന്ന് മത്സരക്രമം നോക്കിയാൽ മനസിലാവും.
അടുത്ത മാസം നടക്കുന്ന വിൻഡീസ് പര്യടനത്തോടെയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുട മത്സരങ്ങൾ തുടങ്ങുക.നാട്ടിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റും, ന്യൂസിലൻഡിനെതിരെ മൂന്ന് ടെസ്റ്റും ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും കളിക്കുന്ന ഇന്ത്യ എവേ പരമ്പരകളിൽ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റും ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റും കളിക്കും. നാട്ടിൽ 10ഉം വിദേശത്ത് ഒമ്പതും ഉൾപ്പെടെ 19 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പ് കാലയളവിൽ ഇന്ത്യ കളിക്കുക.
സ്പോർട്സ് ഡെസ്ക്