ബുലവായോ: ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ ജയം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 175 റൺസിന്റെ കൂറ്റൻ തോൽവിയാണ് യുഎഇക്കുണ്ടായത്. ബുലാവായോ ക്യൂൻസ് സ്പോർട്സ് ക്ലബിൽ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 355 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ യുഎഇ 39 ഓവറിൽ 180ന് എല്ലാവരും പുറത്തായി.

ആറ് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് യുഎഇയെ തകർത്തത്. യുഎഇയുടെ മലയാളി താരം ബാസിൽ ഹമീദ് റൺസൊന്നുമെടുക്കാതെ പുറത്തായി. 39 റൺസ് വീതം നേടിയ മുഹമ്മദ് വസീം, വൃത്യ അരവിന്ദ് എന്നിവർക്ക് മാത്രമാണ് യുഎഇ നിരയിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.

അലി നസീർ (34), റമീസ് ഷഹ്സാദ് (26), രോഹൻ മുസ്തഫ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ബാസിലിന് പുറമെ അസിഖ് ഖാൻ (8), അയാൻ അഫ്സൽ (5), കാർത്തിക് മെയ്യപ്പൻ (0), മുഹമ്മദ് ജവാദുള്ള (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സഹൂർ ഖാൻ (6) പുറത്താവാതെ നിന്നു.

ദിമുത് കരുണാരത്നെ (52), കുശാൽ മെൻഡിസ് (78), സധീര സമരവിക്രമ (73), പതും നിസ്സങ്ക (57) എന്നിവരുടെ അർധ സെഞ്ചുറികളാണ് ശ്രീലങ്കയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ചരിത്ര അസലങ്ക (23 പന്തിൽ 48), വാനിന്ദു ഹസരങ്ക (12 പന്തിൽ 23) പുറത്താവാതെ നിന്നു. ദസുൻ ഷനക (1), ധനഞ്ജയ ഡിസിൽവ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അലി നാസർ യുഎഇക്ക് വേണ്ടി അലി നസീർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ഒന്നാം വിക്കറ്റിൽ കരുണാരത്നെ - നിസ്സങ്ക സഖ്യം 95 റൺസ് നേടി. കരുണാര്തനയെ പുറത്താക്കി അയൻ ഖാനാണ് യുഎഇക്ക് ബ്രേക്ക് ത്രൂ നൽകിത്. നിസ്സങ്ക, മെൻഡിസുമൊത്ത് മറ്റൊരു കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടെ കോഴിക്കോട്ടുകാരനായ ബാസിൽ കൂട്ടുകെട്ട് പൊളിച്ചു. പന്നിയങ്കര സ്വദേശിയായ ബാസിൽ മൂന്ന് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയത്.