- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് വേദികൾ മാറ്റില്ല; ഇന്ത്യയെ അഹമ്മദബാദിലും അഫ്ഗാനെ ചെന്നൈയിലും പാക്കിസ്ഥാൻ നേരിടണം; ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദിമാറ്റണമെന്ന പിസിബിയുടെ ആവശ്യം തള്ളി ഐസിസി; വേദി മാറ്റം പരിഗണിക്കുക സുരക്ഷ പ്രശ്‌നങ്ങളുണ്ടെങ്കിൽ മാത്രം
ദുബായ്: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾക്കുള്ള വേദികൾ മാറ്റണമെന്ന പിസിബിയുടെ അഭ്യർത്ഥന നിരസിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും ബിസിസിഐയും. ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ വേദികളുടെ കരട് പട്ടിക ടീമുകൾക്ക് അയച്ചിരുന്നു. ചെന്നൈയിലെയും ബെംഗളൂരുവിലേയും അഹമ്മദാബാദിലേയും മത്സരങ്ങളിൽ പാക്കിസ്ഥാൻ നിർദേശങ്ങൾ വച്ചിരുന്നെങ്കിലും ഒന്നും അംഗീകരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി ചെന്നൈയിൽ നിന്ന് ബംഗലൂരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്റെ വേദി ബംഗലൂരുവിൽ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്ന പാക്കിസ്ഥാന്റെ പ്രധാന ആവശ്യമാണ് നിരസിച്ചത്. ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്‌മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്.
എന്നാൽ ബിസിസിഐ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വേദി മാറ്റാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇപ്പോൾ ഐസിസിയും ഇതേ കാര്യമാണ് പറയുന്നത്. വേദി സംബന്ധിച്ച് ചൊവ്വാഴ്‌ച്ച ബിസിസിഐ - ഐസിസി സംയുക്ത യോഗം നടത്തി. യോഗതീരുമാനം പിസിബിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയുമായി അഹമ്മദാബിൽ കളിക്കുന്നതിനും പാക്കിസ്ഥാൻ തടസമുന്നയിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. വേദികൾ സംബന്ധിച്ച് പാക്കിസ്ഥാൻ ഓരോ തവണയും തടസമുന്നയിച്ചതോടെ മത്സരക്രമം പുറത്തിറക്കാനും കഴിയുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.
കരട് പട്ടിക പ്രകാരമാണെങ്കിൽ ചെന്നൈയിൽ അഫ്ഗാനിസ്ഥാനോടും ബെംഗളൂരുവിൽ ഓസ്‌ട്രേലിയയോടും പാക്കിസ്ഥാൻ കളിക്കേണ്ടിവരും. ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചിൽ അഫ്ഗാന്റെ ലോകോത്തര ബോളർമാരെ നേരിടുന്നതിൽ പാക്കിസ്ഥാന് ആശങ്കയുണ്ടെന്നാണു വിവരം. ബോളിങ്ങിൽ പാക്കിസ്ഥാന്റെ പ്രധാന ആയുധം പേസർമാരാണ്. വേദികളെക്കുറിച്ച് ബിസിസിഐയും ഐസിസിയും ചർച്ച നടത്തിയ ശേഷമാണു തീരുമാനമെടുത്തത്. വേദികൾ മാറ്റില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ മാത്രം വേദി മാറ്റം പരിഗണിച്ചാൽ മതിയെന്നാണ് ലോകകപ്പ് സംഘാടകരുടെ നിലപാട്. രാജ്യാന്തര മത്സരങ്ങൾ നടത്തുന്നതിന് സ്റ്റേഡിയത്തിന് പോരായ്മകളുണ്ടെങ്കിലും വേദി മാറ്റം പരിഗണിക്കും. എന്നാൽ പാക്കിസ്ഥാന്റെ ആവശ്യത്തിന് യാതൊരു കാരണവും അവർ അറിയിച്ചിരുന്നില്ലെന്നാണു വിവരം. ലോകകപ്പ് മത്സരക്രമങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നടത്തും.
അതേസമയം, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ നായകൻ ഷാഹിദ് അഫ്രീദി രംഗത്തെത്തി. പാക് സർക്കാർ അനുവദിച്ചാൽ മാത്രമെ അഹമ്മദാബാദിൽ കളിക്കൂവെന്നാണ് പിസിബി ചെയർമാൻ നജാം സേഥി വ്യക്തമാക്കിയത്. അഹമ്മദാബാദിൽ ജയിച്ചാണ് ഇന്ത്യക്ക് മറുപടി നൽകേണ്ടതെന്നും അഫ്രീദി പറഞ്ഞു. ഏഷ്യാകപ്പിൽ കളിക്കാൻ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിസിഐ നിലപാട് എടുത്തതോടെയാണ് ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്