- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിന്റെ മുന്നൊരുക്കം; ഏഷ്യാകപ്പിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യ; വിൻഡീസ്, അയർലൻഡ് പര്യടനവും നിർണായകം; 'ലോകകപ്പ് ഇലവനെ' കണ്ടെത്താൻ ടീം ഇന്ത്യ
മുംബൈ: ഇന്ത്യയിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കത്തിലേക്ക് ടീം ഇന്ത്യ. വെസ്റ്റ് ഇൻഡീസ്, അയർലൻഡ് പര്യടനത്തിന് പിന്നാലെ ഏഷ്യാകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യ തുടർന്ന് ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുക.
അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾക്ക് ശേഷം ഇന്ത്യൻ ടീം ടി20 പരമ്പരക്കായി അയർലൻഡിലേക്ക് പോകും. അതിനുശേഷമാണ് ഏഷ്യാ കപ്പിൽ കളിക്കുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബർ ഒമ്പതിന് അവസാനിക്കും. ഇതിനുശേഷമാകും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കളിക്കുക.
ഓഗസ്റ്റ് അവസാന വാരം ലോകകപ്പ് ടീം ഐസിസിക്ക് സമർപ്പിക്കേണ്ടതിനാൽ ലോകപ്പ് ടീമിലുള്ള താരങ്ങൾ തന്നെയാവും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും കളിക്കുക. ലോകകപ്പിന് മുമ്പ് ഇന്ത്യൻ പിച്ചുകളിൽ കളിച്ച് മത്സരപരിചയം ഉറപ്പുവരുത്താൻ ഓസ്‌ട്രേലിയക്കും കഴിയും.
ഒക്ടോബര് അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്‌ട്രേലിയക്കെതിരെ ആണ്. ഒക്ടോബർ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഈ വർഷം പെബ്രുവരി-മാർച്ചിൽ ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ കളിച്ചിരുന്നു. അന്ന് 2-1ന് ഓസ്‌ട്രേലിയ പരമ്പര നേടി. ഓസ്‌ട്രേലിയൻ താരങ്ങളെല്ലാം ഐപിഎല്ലിലും കളിക്കുന്നവരാണ് എന്നതിനാൽ ഇന്ത്യൻ പിച്ചുകൾ സുപരിചിതമാണ്.
ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം അയർലൻഡിനെതിരെ മൂന്ന് മത്സര ടി20 പരമ്പര കളിക്കുന്നുണ്ട്. എന്നാൽ ഈ പരമ്പരയിൽ സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ എന്നിവർ കളിക്കാനിടയില്ല. ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങൾക്കായിരിക്കും ഈ പരമ്പരയിൽ ടീമിലിടം ലഭിക്കുക. പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവും അയർലൻഡ് പര്യടനത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്പോർട്സ് ഡെസ്ക്