- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിൽ കാര്യവട്ടത്തെ തഴഞ്ഞതല്ലെന്ന് വിശദീകരണം; പിന്നാലെ വിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീം മാനേജരായി ജയേഷ് ജോർജ്; കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റിന് ഇന്ത്യൻ ടീമിനൊപ്പം രണ്ടാമൂഴം; സഞ്ജുവിനൊപ്പം വീണ്ടും മലയാളിത്തിളക്കം
തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബിസിസിഐ മുൻ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോർജിനെ ബിസിസിഐ നിയമിച്ചു. ഇന്ത്യൻ ടീമിനൊപ്പം ജയേഷ് ജോർജിന്റെ രണ്ടാമൂഴമാണിത്. അടുത്ത മാസം 12 മുതലാണ് ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം തുടങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമുള്ള പര്യടനം ഒരു മാസം നീളും.
മുമ്പ് ഇന്ത്യൻ എ ടീമിനൊപ്പം ന്യൂസിലൻഡ് പര്യടനത്തിലും ജയേഷ് ജോർജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്ന കാലയളവിൽ ബിസിസിഐ ജോയന്റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോർജ് നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതെ സൗരവ് ഗാംഗുലി പുറത്തായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബറിൽ ജയേഷ് ജോർജിനെ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കാര്യവട്ടം ഗ്രീൻഫീൽഡ് മൈതാനത്തിൽ ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തതിൽ പ്രതിഷേധം ഉയർന്നപ്പോൾ ബിസിസിഐയെ പ്രതിരോധിച്ച് രംഗത്ത് വന്നത് ജയേഷ് ജോർജായിരുന്നു. സ്റ്റേഡിയത്തിലെ പരിമിതി കാരണമാണ് ലോകകപ്പ് വേദി നഷ്ടമായതെന്ന് ജയേഷ് ജോർജ് വ്യക്തമാക്കിയിരുന്നു. വിഐപി ബോക്സിൽ ആവശ്യത്തിന് സീറ്റുകളില്ലാത്തത് തിരിച്ചടിയായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടക്കുന്ന രണ്ട് ഐസിസി ടൂർണമെന്റുകളിൽ വേദിക്കായി ശ്രമം തുടരും. തിരുവനന്തപുരത്തെ തഴഞ്ഞതല്ല, സന്നാഹമത്സരങ്ങൾക്ക് അടക്കമുള്ള 12 വേദികളിൽ ഒന്നായി പരിഗണിക്കുകയായിരുന്നു. വിഷയത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തേണ്ട കാര്യമില്ലെന്നും ജയേഷ് ജോർജ് പറഞ്ഞു.
അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിസ്ഡൻ പാർക്കിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് തുടങ്ങുക. 20ന് പോർട്ട് ഓഫ് സ്‌പെയിനിൽ രണ്ടാം ടെസ്റ്റിന് തുടക്കമാവും. 27ന് കെൻസിങ്ടൺ ഓവലിലാണ് ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 29ന് ഇതേ ഗ്രൗണ്ടിൽ രണ്ടാം ഏകദിനവും ഓഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനവും നടക്കും.
മൂന്ന് മുതൽ ആരംഭിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരവും ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ്. രണ്ടും മൂന്നും ടി20 മത്സരങ്ങൾ ഗയാനയിലെ ട്രിനിഡാഡ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ അവസാന രണ്ട് ടി20 മത്സരങ്ങൾക്ക് അമേരിക്കയിലെ ഫ്‌ളോറിഡയാണ് വേദിയാവുക. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു ശേഷം സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവർ നാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഏകദിന പരമ്പരക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ട്.
വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.
സ്പോർട്സ് ഡെസ്ക്