ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ സിലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് അഗാർക്കർ അപേക്ഷ നൽകി. ഇതിനു പിന്നാലെ ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അജിത് അഗാർക്കർക്ക് പുറമെ ബിസിസിഐയുടെ മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് രവി ശാസ്ത്രി, ദിലിപ് വെങ്സർകാർ തുടങ്ങിയ പേരുകളും ബിസിസിഐയുടെ പരിഗണനയിലുണ്ട്.

അഗാർക്കറുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ കുറിപ്പ് എത്തിയതോടെയാണ് സിലക്ഷൻ കമ്മിറ്റി തലപ്പത്തേയ്ക്ക് അഗാർക്കർ എത്തുമെന്ന അഭ്യൂഹം ശക്തമായത്.ക്യാപിറ്റൽസിന്റെ സഹപരിശീലകനായിരുന്നു അഗാർക്കർ. ജൂൺ 30 ആണ് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി.

ഫെബ്രുവരിയിൽ ഒരു വാർത്താ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി ചേതൻ ശർമ രാജിവച്ചതു മുതൽ സിലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ചേതൻ ശർമ നോർത്ത് സോണിൽനിന്നുള്ള അംഗമായിരുന്നതിനാൽ പുതിയ അംഗവും നോർത്ത് സോണിൽനിന്നാണ് ആകേണ്ടത്. എന്നാൽ ബിസിസിഐ ഭരണഘടന പ്രകാരം ഇതു നിർബന്ധമല്ലെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.

അഞ്ച് സിലക്ടർമാരും ഒരേ മേഖലയിൽ നിന്നുള്ളവരാകാം. അജിത് അഗർക്കാർ അംഗമായാൽ വെസ്റ്റ് സോണിൽനിന്നു രണ്ട് അംഗങ്ങളാകും. സിലക്ഷൻ കമ്മിറ്റിയിലെ സിറ്റിങ് അംഗമായ സലിൽ അങ്കോളയാണ് വെസ്റ്റ് സോണിൽനിന്നുള്ള മറ്റൊരാൾ. ശിവസുന്ദർ ദാസ് (ഈസ്റ്റ്), എസ്. ശരത് (സൗത്ത്), സുബ്രതോ ബാനർജി (സെൻട്രൽ) എന്നിവരും സിലക്ഷൻ കമ്മിറ്റിയിലുണ്ട്.

അഗാർക്കർ സിലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് എത്തിയാൽ നിലവിലെ ശമ്പളവും വർധിപ്പിക്കേണ്ടി വന്നേക്കാം. ചെയർമാന് ഒരു കോടി രൂപയും പാനലിലെ മറ്റ് അംഗങ്ങൾക്ക് 90 ലക്ഷം രൂപയുമാണ് നിലവിലെ വാർഷിക പ്രതിഫലം. ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായും ഒപ്പം കമന്റേറ്ററായും പ്രവർത്തിച്ചിട്ടുള്ള അഗാർക്കർ ഇതിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്നയാളാണ്. അതുകൊണ്ടു തന്നെ ചീഫ് സിലക്ടർക്കുള്ള ശമ്പളവർധനവ് ബിസിസിഐ പരിഗണിക്കും.

മുമ്പും ഇന്ത്യൻ ടീമിന്റെ സെലക്ടർ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരാണ് അജിത് അഗാർക്കറിന്റേത്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാർക്കർ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007ൽ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന അഗാർക്കർ 2000ങ്ങളിൽ ടീം ഇന്ത്യയുടെ നിർണായക പേസർമാരിൽ ഒരാളായിരുന്നു. ടെസ്റ്റിൽ 58 ഉം, ഏകദിനത്തിൽ 288 ഉം, ടി20യിൽ മൂന്നും വിക്കറ്റാണ് സമ്പാദ്യം. അജിത് അഗാർക്കർക്ക് പുറമെ ബിസിസിഐയുടെ മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് രവി ശാസ്ത്രി, ദിലിപ് വെങ്സർകാർ തുടങ്ങിയ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.

രവി ശാസ്ത്രി, ദിലീപ് വെങ്സർക്കാർ എന്നിവരാണ് ചീഫ് സിലക്ടർ സ്ഥാനത്തേയ്ക്ക് ഉയർന്നു കേൾക്കുന്ന മറ്റു പേരുകൾ. എന്നാൽ ഇവർ അപേക്ഷ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. വെങ്സർക്കാർ അപേക്ഷിച്ചാൽ, ഒരു വർഷത്തേക്ക് മാത്രമേ അദ്ദേഹത്തിന് ലഭ്യമാകൂ. 2005 സെപ്റ്റംബർ മുതൽ 2008 വരെ വെങ്സർക്കർ സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു. ഒരു സിലക്ടർക്ക് പരമാവധി നാല് വർഷം മാത്രമേ പാനലിൽ അംഗമാകാൻ സാധിക്കൂ.