ഹരാരെ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി കരുത്തരായ ശ്രീലങ്ക. യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ സിംബാബ്വെയെ തകർത്താണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്. ഒൻപത് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. യോഗ്യതാ റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ശ്രീലങ്ക ഫൈനൽ റൗണ്ടിലേക്ക് കടന്നത്. തോറ്റെങ്കിലും സിംബാബ്വെയ്ക്ക് സാധ്യത അവസാനിച്ചിട്ടില്ല.

സിംബാബ്വെ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 33.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണർ പത്തും നിസ്സങ്കയും നാലുവിക്കറ്റെടുത്ത ബൗളർ മഹീഷ് തീക്ഷണയുമാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.

ഇതോടെ ലോകകപ്പ് ഫൈനൽ റൗണ്ടിൽ കളിക്കുന്ന ഒൻപതാം ടീമിന്റെ ചിത്രമായി. ഇനിയൊരു സ്ഥാനം മാത്രമാണ് ബാക്കിയുള്ളത്. ഇതിനായി സിംബാബ്വെയും സ്‌കോട്ലൻഡും പോരാടും. വെസ്റ്റ് ഇൻഡീസ് നേരത്തേ യോഗ്യത നേടാതെ പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയുടെ ബാറ്റർമാരെ ശ്രീലങ്കൻ ബൗളർമാർ വരിഞ്ഞുമുറുക്കി. നാലുവിക്കറ്റെടുത്ത സ്പിന്നർ മഹീഷ് തീക്ഷണയാണ് ആതിഥേയരെ തകർത്തത്. ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റെടുത്തപ്പോൾ മതീഷ പതിരണ രണ്ട് വിക്കറ്റ് സ്വന്തമാക്കി. സിംബാബ്വെയ്ക്ക് വേണ്ടി അർധസെഞ്ചുറി നേടിയ സൂപ്പർ താരം ഷോൺ വില്യംസ് മാത്രമാണ് തിളങ്ങിയത്. താരം 57 പന്തിൽ നിന്ന് 56 റൺസെടുത്തു. സിക്കന്ദർ റാസ 31 റൺസ് നേടി. മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പത്തും നിസ്സങ്കയും ദിമുത് കരുണരത്നെയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. നിസ്സങ്കയായിരുന്നു കൂടുതൽ അപകടകാരി. എന്നാൽ കരുണരത്നെയെ പുറത്താക്കി റിച്ചാർഡ് എൻഗാറവ ഈ കൂട്ടുകെട്ട് പൊളിച്ചു.

30 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന കുശാൽ മെൻഡിസിനെ കൂട്ടുപിടിച്ച് നിസ്സങ്ക അടിച്ചുതകർത്തു. വിജയറൺ ബൗണ്ടറിയിലൂടെ നേടി നിസ്സങ്ക ടീമിന് വിജയം നേടിക്കൊടുത്തു ഒപ്പം സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. താരം 102 പന്തുകളിൽ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ 101 റൺസെടുത്ത് പുറത്താവാതെ നിന്നു. മെൻഡിസ് പുറത്താവാതെ 25 റൺസെടുത്തു.