ധാക്ക: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ശേഷിക്കെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകൻ തമീം ഇക്‌ബാൽ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണു വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.

ഇതോടെ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനു പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. വ്യാഴാഴ്ച ചാറ്റോഗ്രാമിൽ വാർത്താ സമ്മേളനത്തിലാണ് തമീം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിറകണ്ണുകളോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തീരുമാനം അറിയിച്ചതിനു പിന്നാലെ താരം മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീരൊഴുക്കി. 34 വയസ്സുകാരനായ തമീം കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഷാക്കിബ് അൽ ഹസനോ, ലിറ്റൻ ദാസോ ബംഗ്ലാദേശിനെ നയിക്കുമെന്നാണു വിവരം. കഴിഞ്ഞ ഏപ്രിലിൽ അയർലൻഡിനെതിരെയായിരുന്നു താരം അവസാന ടെസ്റ്റ് കളിച്ചത്.

16 വർഷം നീണ്ട കരിയറിനാണ് താരം വിരാമമിടുന്നത്. മഴ കളിച്ച അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ അപ്രതീക്ഷിത തോൽവി നേരിട്ടതിനു പിന്നാലെയാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അടിയന്തരമായി വാർത്താസമ്മേളനം വിളിച്ചുചേർത്തുകൊണ്ടാണ് തമീം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2007-ലാണ് തമീം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യയെ തകർത്ത മത്സരത്തിൽ ബംഗ്ലാദേശിനായി അർധ സെഞ്ചുറിയുമായി തിളങ്ങിയത് തമീമായിരുന്നു.

241 ഏകദിനങ്ങളിൽ നിന്ന് 14 സെഞ്ചുറിയും 56 അർധ സെഞ്ചുറിയുമടക്കം 8313 റൺസ് നേടിയിട്ടുണ്ട്. 70 ടെസ്റ്റുകൾ കളിച്ച താരം 10 സെഞ്ചുറിയും 31 അർധ സെഞ്ചുറിയുമടക്കം 5134 റൺസ് നേടി. 78 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 1758 റൺസാണ് സമ്പാദ്യം. ഐപിഎൽ ക്രിക്കറ്റിൽ പുണെ വാരിയേഴ്‌സ് ടീമിൽ കളിച്ചിട്ടുണ്ട്. തമീം ഏകദിനങ്ങളിൽ ബംഗ്ലാദേശിന്റെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനാണ്. ഏകദിന ക്രിക്കറ്റിൽ സമകാലീനരായ കളിക്കാരിൽ വിരാട് കോലിയും രോഹിത് ശർമയും മാത്രമാണ് തമീമീന് മുുന്നിലുള്ളു.

ഇന്നലെ നടന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മഴനിയമത്തിന്റെ ബലത്തിലാണ് അഫ്ഗാൻ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തപ്പോൾ അഫ്ഗാൻ 21.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്ത് നിൽക്കെ മഴയെത്തി മത്സരം നിർത്തിവെക്കുകയും ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാൻ 17 റൺസിന് ജയിക്കുകയുമായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശിനായി ഓപ്പണറായി ഇറങ്ങിയ തമീം 21 പന്തിൽ 13 റൺസെടുത്ത് പുറത്തായിരുന്നു.