ധാക്ക: മലയാളി ക്രിക്കറ്റർ മിന്നു മണി അരങ്ങേറ്റത്തിൽ ചരിത്ര നേട്ടം കുറിച്ച ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 114 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മിന്നു മണി മൂന്ന് ഓവറിൽ 21 റൺസിന് ഒരു വിക്കറ്റ് പേരിലാക്കി. ബംഗ്ലാദേശിന്റെ നിർണായകമായ ഓപ്പണിങ് സഖ്യമാണ് മിന്നു പൊളിച്ചത്. പൂജ വസ്ത്രകറും ഷെഫാലി വർമയും ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ട് ബംഗ്ലാ താരങ്ങൾ റണ്ണൗട്ടായി.

ഓപ്പണിങ് വിക്കറ്റിൽ ഷാത്തി റാനിയും ഷമീമ സുൽത്താനയും 27 റൺസ് ചേർത്തെങ്കിലും തന്റെ അരങ്ങേറ്റ ഓവറിലെ നാലാം പന്തിൽ ഈ കൂട്ടുകെട്ട് പൊളിച്ച് മലയാളി ക്രിക്കറ്റർ മിന്നു മണി രാജ്യാന്തര ക്രിക്കറ്റിലേക്ക് മിന്നും വരവറിയിക്കുകയായിരുന്നു. ബംഗ്ലാ ഇന്നിങ്സിലെ നാലാം ഓവറിലെ നാലാം പന്തിൽ മിന്നുവിനെ സ്ലോഗ്സ്വീപ് കളിക്കാൻ ശ്രമിച്ച സുൽത്താന ഡീപ് സ്‌ക്വയർ ലെഗിൽ ജെമീമ റോഡ്രിഗസിന്റെ സ്ലൈഡിങ് ക്യാച്ചിൽ പുറത്താവുകയായിരുന്നു. ഇതിന് ശേഷം റാനിയും ശോഭന മോസ്തരിയും കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാൽ ഷാത്തി റാനിയെ ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ പൂജ വസ്ത്രകർ ബൗൾഡാക്കി. 26 പന്തിൽ 22 റൺസാണ് ഷാത്തി നേടിയത്.

സ്‌കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർക്കുമ്പോഴേക്ക് ഇന്ത്യ മൂന്നാം വിക്കറ്റ് പിഴുതു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗർ സുൽത്താനയെ ഹർമൻപ്രീത് കൗറിന്റെ ത്രോയിൽ വിക്കറ്റ് കീപ്പർ യാസ്തിക ഭാട്യ റണ്ണൗട്ടാക്കുകയായിരുന്നു. 33 പന്തിൽ 23 നേടിയ ശോഭന മോസ്തരിയെ 16-ാം ഓവറിലെ അഞ്ചാം പന്തിൽ ഷെഫാലി വർമ്മയുടെ പന്തിൽ യാസ്തിക സ്റ്റംപ് ചെയ്തു. ഇതിന് ശേഷം ഷോർന അക്തറും റിതു മോനിയും ചേർന്ന് ബംഗ്ലാദേശിനെ 100 കടത്തുകയായിരുന്നു. 20-ാം ഓവറിലെ നാലാം പന്തിൽ റിതു(13 പന്തിൽ 11) ജെമീമയുടെ ത്രോയിൽ റണ്ണൗട്ടായപ്പോൾ ഷോർന 28 പന്തിൽ 28* റൺസുമായി പുറത്താവാതെ നിന്നു.

വയനാട്ടുകാരിയായ മിന്നു മണി ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ്. ടീമിലെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളുകൂടിയാണ് താരം. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ് മിന്നു.