- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരങ്ങേറ്റത്തിൽ മിന്നിത്തെളിഞ്ഞ് മിന്നു മണി; അർധസെഞ്ചുറിയുമായി മുന്നിൽ നിന്നു നയിച്ച് ഹർമൻപ്രീത് കൗർ; ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ; ട്വന്റി 20 പരമ്പരയിൽ വിജയത്തുടക്കം
ധാക്ക: അരങ്ങേറ്റ മത്സരത്തിൽ ചരിത്ര നേട്ടം കുറിച്ച മലയാളി താരം മിന്നു മണിയുടേയും അർധസെഞ്ചുറിയുമായി മുന്നിൽ നിന്നും നയിച്ച ഹർമൻപ്രീത് കൗറിന്റെയും മികവിൽ ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്റി 20കളുടെ പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്. ധാക്കയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാ വനിതകളുടെ 114 റൺസ് ഇന്ത്യ 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പരമ്പരയിലെ രണ്ടാം മത്സരം 11 ന് മിർപൂരിൽ നടക്കും.
മറുപടി ബാറ്റിംഗിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ വിജയശിൽപി. കൗർ 35 പന്തുകളിൽനിന്ന് 54 റൺസെടുത്തു പുറത്താകാതെ നിന്നു. ഓപ്പണർ സ്മൃതി മന്ഥാന 34 പന്തിൽ 38 നേടി പുറത്തായി. നേരത്തെ ബൗളിംഗിൽ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യ താരമാണ് മിന്നു മണി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. ഇന്നിങ്‌സിലെ മൂന്നാം പന്തിൽ ഓപ്പണർ ഷെഫാലി വർമ്മയെ(3 പന്തിൽ 0) മറൂഫ അക്തർ എൽബിയിൽ കുരുക്കി. സുൽത്താന ഖാത്തൂൻ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തിൽ ജെമീമ റോഡ്രിഗസ്(14 പന്തിൽ 11) ബൗൾഡാവുകയും ചെയ്തു. ഇതിന് ശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയും ചേർന്ന് ഇന്ത്യയെ അനായാസം ജയിപ്പിക്കുമെന്ന് തോന്നിച്ചു.
ഇതിനിടെ കൗറിന്റെ ക്യാച്ച് നിലത്തിടുകയും ചെയ്തു. പിന്നാലെ മന്ഥാന സുൽത്താന ഖാത്തൂനെ ക്രീസ് വിട്ടിറങ്ങി സിക്‌സർ പറത്താനുള്ള ശ്രമത്തിൽ സ്റ്റംപ് ചെയ്യപ്പെട്ടു. 34 പന്തുകളിൽനിന്ന് 38 റൺസാണ് സ്മൃതി നേടിയത്. കൂടുതൽ നഷ്ടങ്ങളില്ലാതെ ഹർമനും(35 പന്തിൽ 54) യാസ്തിക ഭാട്യയും(12 പന്തിൽ 9*) ഇന്ത്യക്ക് 7 വിക്കറ്റ് ജയം സമ്മാനിച്ചു.
ഒന്നാം ട്വന്റി 20യിൽ ബംഗ്ലാ വനിതകൾക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 114 റൺസേ നേടാനായുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ഷാത്തി റാനി-ഷമീമ സുൽത്താന സഖ്യം ഓപ്പണിങ് വിക്കറ്റിൽ 4.4 ഓവറിൽ 27 റൺസ് ചേർത്തപ്പോൾ ബ്രേക്ക് ത്രൂ നേടുകയായിരുന്നു മിന്നു മണി. 13 പന്തിൽ 17 റൺസ് പേരിലാക്കിയ ഷമീമ സുൽത്താനയെ മിന്നു പറഞ്ഞയച്ചു.
ഡീപ് സ്‌ക്വയർ ലെഗിൽ ജെമീമ റോഡ്രിഗസിനായിരുന്നു ക്യാച്ച്. 28 പന്തിൽ 28* റൺസ് നേടിയ ഷോർന അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗർ സുൽത്താന 2 റണ്ണിൽ മടങ്ങി. ഷാത്തി റാനി(26 പന്തിൽ 22), ശോഭന മോസ്തരി(33 പന്തിൽ 23), റിതു മോനി(13 പന്തിൽ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ.
അരങ്ങേറ്റ മത്സരത്തിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ വിക്കറ്റെടുത്ത മിന്നുവിന് പുറമെ പൂജ വസ്ത്രകറും ഷെഫാലി വർമയും ഓരോ വിക്കറ്റ് നേടി. രണ്ട് ബംഗ്ലാ താരങ്ങൾ റണ്ണൗട്ടായി. തന്റെ മൂന്ന് ഓവറിൽ 21 റൺസ് വിട്ടുകൊടുത്താണ് മിന്നു മണി ഒരു വിക്കറ്റ് നേടിയത്.
സ്പോർട്സ് ഡെസ്ക്