തിരുവനന്തപുരം: ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ട്രോഫി ടൂറിന്റെ ഭാഗമായി ഐസിസി ട്രോഫി കേരളത്തിൽ. രാവിലെ 10-ന് തിരുവനന്തപുരം മുക്കോല സെയ്ന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് ട്രോഫി പ്രദർശനം തുടങ്ങിയത്. ഉച്ചയ്ക്ക് ഒന്നുവരെ പ്രദർശനം തുടർന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കാണ് ലോകകപ്പ് ട്രോഫിയുടെ പ്രയാണം. 12 -ാം തിയതി വരെ കേരളത്തിൽ ലോകകപ്പ് ട്രോഫിയുടെ പര്യടനം ഉണ്ടാകും. സ്വകാര്യപരിപാടിയായാണ് ട്രോഫിയുടെ പ്രദർശനം.

സ്വകാര്യ ഏജൻസിക്കാണ് ട്രോഫി ടൂറിന്റെ ചുമതലയെങ്കിലും കേരളത്തിലെ പര്യടനത്തിന്റെ വിവരം തങ്ങളെ ഔദ്യോഗികമായി അറിയിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അതൃപ്തിയറിയിച്ചു. ട്രോഫി ടൂറിനെ കുറിച്ച് കെസിഎ അറിഞ്ഞിരുന്നില്ല. വിഷയത്തിൽ കെസിഎ, ബിസിസിഐയെ രേഖാമൂലം അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് കെസിഎ മീഡിയ മാനേജർ കൃഷ്ണ പ്രസാദ് പറഞ്ഞു.

മൂന്ന് ദിവസമാണ് ട്രോഫി കേരളത്തിൽ പ്രദർശിപ്പിക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും ട്രോഫി ക്രിക്കറ്റ് പ്രേമികൾക്കായി പ്രദർശിപ്പിക്കും. ഒന്നിലധികം വേദികളിൽ പ്രദർശനമുണ്ടാകും. ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദിൽനിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. മുംബൈയിലും കൊൽക്കത്തയിലും സന്ദർശനമുണ്ടായിരുന്നു. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളിൽ പര്യടനം നടത്തും.

കേരളത്തിലെ പര്യടനത്തിനുശേഷം ട്രോഫി ന്യൂസീലൻഡിലേക്കാണ് പോകുന്നത്. അവിടെനിന്ന് ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലാണ്. 22 മുതൽ 24 വരെ വീണ്ടും ഇന്ത്യയിലെത്തിയതിനുശേഷം 28-ന് വെസ്റ്റ് ഇൻഡീസിലേക്ക് പോകും.

പിന്നീട് പാക്കിസ്ഥാൻ, ശ്രീലങ്ക, കുവൈത്ത്, ബഹ്‌റൈൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, യുഗാൺഡ. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പര്യടനം നടത്തും. സെപ്റ്റംബർ ആദ്യവാരം തിരിച്ചെത്തും. ഒക്ടോബർ അഞ്ചിനാണ് ഏകദിന ലോകകപ്പിന് തുടക്കമാകുന്നത്.