മുംബൈ: ദേവ്ധർ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള ദക്ഷിണമേഖലാ ടീമിൽ ഇടംപിടിച്ച് മൂന്ന് മലയാളി താരങ്ങൾ. കർണാടക ഓപ്പണർ മായങ്ക് അഗർവാൾ നായകനാകുന്ന ടീമിൽ മലയാളി താരം രോഹൻ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രോഹന് പുറമെ മലയാളി താരം സിജോ മോൻ ജോസഫും കർണാടകക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ തിളങ്ങിയ തമിഴ്‌നാടിന്റെ സായ് സുദർശനും ടീമിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഈ മാസം 13 മുതൽ 23വരെ കൊളംബോയിൽ നടക്കുന്ന എമേർജിങ് ഏഷ്യാ കപ്പിൽ കളിക്കുന്നതിനാൽ സ്റ്റാൻഡ് ബൈ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഗോവയ്ക്കുവേണ്ടി കളിക്കുന്ന ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർക്ക് ടീമിൽ ഇടംലഭിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

സൗത്ത് സോണിൽ കളിക്കുന്ന അഭ്യന്തര ടീമുകളിൽ നിന്ന് മുൻ സീസണുകളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് സാധാരണ ദേവ്ധർ ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ ഉൾപ്പെടുത്താറുള്ളത്. കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ താരങ്ങളിൽ ഒരാളായിരുന്നു അർജുൻ, പക്ഷേ സൗത്ത് സോണിലെ ഏറ്റവും മികച്ചവരുടെ സംഘത്തിൽ ഇടം പിടിക്കാൻ പോന്ന മികവ് അർജുന് ഉണ്ടോയെന്ന കാര്യം സംശയമാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ കഴിഞ്ഞ സീസണിലാണ് ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. മുംബൈ പ്ലേ ഓഫിലെത്തിയ സീസണിൽ 4 കളികളിലാണ് അദ്ദേഹം ഇറങ്ങിയത്. 3 വിക്കറ്റുകളാണ് സമ്പാദ്യം. അഭ്യന്തര ക്രിക്കറ്റിൽ അത്ര വലിയ സംഭവമെന്ന് വിശേഷിപ്പിക്കാൻ പോന്ന റെക്കോർഡൊന്നും അർജുൻ ടെണ്ടുൽക്കറുടെ പേരിലില്ല. ഇതു വരെ 7 വീതം ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളാണ് ഇരുപത്തിമൂന്നുകാരനായ അർജുൻ കളിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 12 വിക്കറ്റുകളും 223 റൺസും നേടിയിട്ടുള്ള ഈ ഓൾ റൗണ്ടർ, ലിസ്റ്റ് എ യിൽ 8 വിക്കറ്റുകളും 25 റൺസുമാണ് നേടിയത്.

ഏകദിന ക്രിക്കറ്റിൽ ഓരോ സംസ്ഥാനത്തും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ടീമിൽ ഇടം നേടുകയെങ്കിലും അർജുൻ ടെണ്ടുൽക്കർക്ക് ടീമിലിടം കിട്ടിയത് അപ്രതീക്ഷിതമായാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്കായി നടത്തിയ മികച്ച പ്രകടനവും ഇടം കൈയൻ പേസറായതിനാൽ ബൗളിങ് വൈവിധ്യം ഉറപ്പുവരുത്താം എന്നതും കണക്കിലെടുത്താണ് അർജ്ജുന് ടീമിൽ സ്ഥാനം നൽകിയതെന്ന് സെലക്ടർമാർ വിശദീകരിച്ചു.

ദേവ്ധർ ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), എൻ ജഗദീശൻ (വിക്കറ്റ് കീപ്പർ), രോഹിത് റായിഡു, കെ ബി അരുൺ കാർത്തിക്, ദേവദത്ത് പടിക്കൽ, റിക്കി ഭുയി (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, വി കവേരപ്പ, വി വൈശാഖ്, കൗശിക് വി, മോഹിത് വി, മോഹിത് വി, മോഹിത് വി. , സിജോമോൻ ജോസഫ്, അർജുൻ ടെണ്ടുൽക്കർ, സായ് കിഷോർ.