ഡൊമിനിക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് ക്യാപ്ര്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ എന്നിവർ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. കെ എസ് ഭരതിന് പകരം കിഷൻ വിക്കറ്റ് കീപ്പറാവും. ജയ്സ്വാൾ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്ത് കളിക്കും.

നാലാം നമ്പറിൽ വിരാട് കോലിയും അഞ്ചാം നമ്പറിൽ അജിങ്ക്യാ രഹാനെയും ആറാം നമ്പറിൽ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും കളിക്കും. രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർ സ്പിൻ ഓൾ റൗണ്ടർമാരായി ടീമിലെത്തി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു. പേസർമാരായി മുഹമ്മദ് സിറാജ്, ശാർദ്ദുൽ താക്കൂർ, ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്.

19 ടെസ്റ്റുകളുടെ മാത്രം മത്സരപരിചയമുള്ള മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് പടയെ നയിക്കുന്നത്. കൂട്ടിന് 9 ടെസ്റ്റുകൾ കളിച്ച ഷാർദൂൽ ഠാക്കൂർ, 2 മത്സരം കളിച്ച ജയ്‌ദേവ് ഉനദ്കട്ട് എന്നിവരാണ് ഇന്ത്യക്കായി പേസ് ആക്രമണം നയിക്കുന്നത്. നവ്ദീപ് സൈനിയും അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുന്ന മുകേഷ് കുമാർ എന്നിവരാണ് ടീമിൽ അവസരം കാത്തിരിക്കുന്ന മറ്റ് അംഗങ്ങൾ.

ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും കളത്തിലിലല്ല. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിനു കരുത്തു പകരും. റൂസോയിലെ വിൻസർ പാർക്കിലാണ് മത്സരം നടക്കുന്നത്.

ക്രെയ്ഗ് ബ്രാത്വെയ്റ്റ് നയിക്കുന്ന ടീമിന് ഇന്ത്യയെക്കാൾ പേസ് കരുത്തുണ്ട്. കെമർ റോച്ച്, ഷാനൺ ഗബ്രിയേൽ, അൽസാരി ജോസഫ്, ജയ്‌സൻ ഹോൾഡർ എന്നിവരാണ് പ്രധാന ബോളർമാർ. അഞ്ച് ടെസ്റ്റാണ് ഇതിന് മുൻപ് ഡൊമിനിക്കയിൽ നടന്നത്. ഇതിൽ ഒരിക്കൽ മാത്രമാണ് വിൻഡീസ് ജയിച്ചത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, അജിൻക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ, ആർ അശ്വിൻ, ഷാർദുൽ ഠാക്കൂർ, ജയ്ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇൻഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ടാഗ്നരെയ്ൻ ചന്ദർപോൾ, റെയ്മോൻ റീഫർ, ജെർമെയ്ൻ ബ്ലാക്ക്വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സിൽവ, ജേസൺ ഹോൾഡർ, റഖീം കോൺവാൾ, അൽസാരി ജോസഫ്, കെമർ റോച്ച്, ജോമൽ വറിക്കൻ.