ധാക്ക: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ആശ്വാസ ജയം. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യൻ വനിതാ ടീം മൂന്നാമത്തെ മത്സരത്തിൽ നാലു വിക്കറ്റിന്റെ തോൽവി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തപ്പോൾ പത്ത് പന്ത് ബാക്കി നിർത്തി ആറ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് വനിതകൾ ലക്ഷ്യം കണ്ടു. സ്‌കോർ ഇന്ത്യ 20 ഓവഖിൽ 102-9, ബംഗ്ലാദേശ് 18.2 ഓവറിൽ 103-6. അവസാന മത്സരം തോറ്റെങ്കിലും ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ 2-1ന് പരമ്പര നേടി.

പവർ പ്ലേയിൽ മലയാളി താരം മിന്നുമണി രണ്ട് വിക്കറ്റ് വീഴ്‌ത്തി ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും ഓപ്പണർ ഷമീമ സുൽത്താന(42) ക്യാപ്റ്റൻ നിഗർ സുൽത്താന(14) എന്നിവർ പിടിച്ചു നിന്നതോടെ ബംഗ്ലാദേശ് 50 കടന്നു. നിഗർ സുൽത്താനയെ പുറത്താക്കി ദേവിക വൈദ്യ കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ ബംഗ്ലാദേശിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും സുൽത്താന ഖാത്തുൻ(12), നാഹിദ അക്തർ(10*), റിതു മോണി(7*) എന്നിവരുടെ പോരാട്ടവീര്യം അവർക്ക് തുണയായി. ഇന്ത്യക്കായി മിന്നുമണി നാലോവറിൽ 28 റൺസിനും ദേവിക വൈദ്യ നാലോവറിൽ 16 റൺസിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

ട്വന്റി 20 പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മലയാളി വനിതാ ക്രിക്കറ്റർ മിന്നു മണി. ആദ്യ ടി20യിൽ ഒന്നും രണ്ടും മൂന്നും മത്സരങ്ങളിൽ രണ്ട് വീതവും വിക്കറ്റ് നേടിയ മിന്നു ഫീൽഡിംഗിലും മിന്നി. മൂന്നാം ടി20യിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശുകയായിരുന്ന ബംഗ്ലാ ഓപ്പണർ ഷമീമ സുൽത്താനയെയാണ് മിന്നു മണി-യാസ്തിക ഭാട്യ സഖ്യം റണ്ണൗട്ടാക്കിയത്. മിന്നുവിന്റെ അളന്നുമുറിച്ച ത്രോയാണ് വിക്കറ്റിന് വഴിയൊരുക്കിയത്. നേരത്തെ പവർപ്ലേക്കിടെ മറ്റൊരു ബംഗ്ലാ ഓപ്പണർ ഷാതി റാണി, മൂന്നാം നമ്പർ താരം ദിലാര അക്തർ എന്നിവരുടെ വിക്കറ്റ് മിന്നു നേടിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ തുടക്കത്തിലെ തകർന്നപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മാത്രമാണ് പിടിച്ചു നിന്നത്. 41 പന്തിൽ 40 റൺസെടുത്ത ഹർമൻപ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സ്പിൻ പിച്ചിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ(1) രണ്ടാം ഓവറിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് നാലാം ഓവറിൽ ഷഫാലി വർമയെയും(11) നഷ്ടമായി. ഇതോടെ 20-2ലേക്ക് വീണ ഇന്ത്യ വീണ്ടുമൊരു ബാറ്റിങ് തകർച്ചയിലേക്കെന്ന് തോന്നിച്ചെങ്കിലും ജെമീമ റോഡ്രിഗസിനൊപ്പം(26 പന്തിൽ 28) 45 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഹർമൻ ഇന്ത്യയെ 50 കടത്തി.

ജെമീമയെ ഷൊർണ അക്തർ പുറത്താക്കിയശേഷം ക്രീസിലെത്തിയ യാസ്തിക ഭാട്ടിയ(12) ഹർമനൊപ്പം പിടിച്ചു നിന്നെങ്കിലും അവസാന ഓവറുകളിൽ തകർത്തടിക്കാമെന്ന ഇന്ത്യൻ പദ്ധതി പാളി. പതിനേഴാം ഓവറിൽ ഹർമനും(40) തൊട്ടടുത്ത ഓവറിൽ യാസ്തിക ഭാട്ടിയയും പുറത്തായതോടെ ഇന്ത്യൻ സ്‌കോർ റൺസിലൊതുങ്ങി. പതിനാറാം ഓവറിൽ 90 റൺസിലെത്തിയ ഇന്ത്യക്ക് അവസാന നാലോവറിൽ ആറ് വിക്കറ്റ് നഷ്ടമാക്കി നേടാനായത് 12 റൺസ് മാത്രമാണ്. പത്തൊമ്പതാം ഓവറിൽ ക്രീസിലെത്തിയ മിന്നുമണി രണ്ട് പന്തിൽ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറിൽ പുറത്തായി.