ഡൊമീനിക്ക: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ബാറ്റിങ്ങിനിടെ വിൻഡീസ് ബോളറോടു രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ. മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യൻ ബാറ്റിങ്ങിനിടെ 103ാം ഓവറിലായിരുന്നു സംഭവം. വെസ്റ്റിൻഡീസ് പേസർ കെമാർ റോച്ചിന്റെ ഓവറിലെ അഞ്ചാം പന്തിൽ നോൺ സ്‌ട്രൈക്കർ എൻഡിലെത്തിയ യശസ്വി അസഭ്യം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

വഴി മാറാനാണ് യശസ്വി കെമാർ റോച്ചിനോട് ആവശ്യപ്പെടുന്നത്. സംഭവം ശ്രദ്ധയിൽ പെട്ട വിരാട് കോലി വിഷയത്തിൽ ഇടപെടുകയും എന്താണു കാര്യമെന്ന് ജയ്‌സ്വാളിനോട് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വിൻഡീസ് പേസറോട് ഇന്ത്യൻ യുവതാരം ദേഷ്യപ്പെടുന്നതിന്റെ വിഡിയോയും പുറത്തുവന്നു. ജയ്‌സ്വാളിന്റെ ശബ്ദം സ്റ്റംപ് മൈക്കിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ വിൻഡീസ് സ്പിന്നർമാരായ റഹീം കോൺവാളും ജോമെൽ വാറിക്കനും കോലിയെയും ജയ്സ്വാളിനെയും ക്രീസിൽ പൂട്ടിയിടുകയും ചെയ്തു. ഇതിനിടെ തന്റെ ആദ്യ ബൗണ്ടറി നേടിയതിന് പിന്നാലെ കോലി ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിനോട് പറയുന്ന കാര്യങ്ങൾ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.

പാർട്ട് ടൈം സ്പിന്നറായ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് അനുവദനീയമായതിലും കൂടുതൽ കൈമടക്കിയാണ് പന്ത് എറിയുന്നതെന്നാണ് കോലി ജയ്സ്വാളിനോട് വിളിച്ചു പറയുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.

വിൻഡീസ് നായകന്റെ ബൗളിങ് ആക്ഷനെക്കുറിച്ച് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെങ്കിലും കോലിയുടെ പരാമർശത്തോടെ ബ്രാത്ത്വെയ്റ്റ് സംശയനിഴലിലായി. മത്സരത്തിൽ ആറോവർ പന്തെറിഞ്ഞ ബ്രാത്ത്വെയ്റ്റ് 12 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

പിച്ച് സ്പിന്നർമാരെ തുണക്കുകയും ഔട്ട് ഫീൽഡിന് വേഗമില്ലാതാകുകയും ചെയ്തതോടെയാണ് രണ്ടാം ദിനം ഇന്ത്യൻ സ്‌കോറിങ് ഇഴഞ്ഞു നീങ്ങിയത്. ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസടിച്ച ഇന്ത്യക്ക് രണ്ടാം ദിനം രണ്ട് വിക്കറ്റെ നഷ്ടമായുള്ളുവെങ്കിലും 232 റൺസെ സ്‌കോർ ചെയ്യാനായുള്ളു. കോലി 36 റൺസെടുക്കാൻ 96 പന്തുകൾ നേരിട്ടപ്പോൾ യശസ്വി 350 പന്തിലാണ് 143 റൺസെടുത്തത്. രോഹിത് ആകട്ടെ 221 പന്തിൽ 103 റൺസെടുത്ത് പുറത്തായി

ആദ്യ ഇന്നിങ്‌സിൽ തന്നെ സെഞ്ചറിയുമായാണ് (143 നോട്ടൗട്ട്) ഇരുപത്തിയൊന്നുകാരൻ യശസ്വി ജയ്‌സ്വാൾ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചത്. സഹ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമ കൂടി സെഞ്ചറി (103) നേടിയതോടെ രണ്ടാം ദിനം 113 ഓവറിൽ 2ന് 312 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ഇപ്പോൾ 162 റൺസ് ലീഡുണ്ട്. 6 റൺസുമായി ശുഭ്മൻ ഗിൽ പുറത്തായി.

സ്പിന്നർ ആർ.അശ്വിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്‌സിൽ വെസ്റ്റിൻഡീസിനെ 150 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ, വിക്കറ്റ് നഷ്ടപ്പെടാതെ 80 റൺസ് എന്ന സ്‌കോറിലാണ് രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്.വിക്കറ്റിൽ നിന്ന് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കാൻ തുടങ്ങിയതോടെ കരുതലോടെയാണ് ഇന്ത്യൻ ഓപ്പണർമാർ കളിച്ചത്. റകീം കോൺവാൾ, ജോമെൽ വാരിക്കൻ എന്നീ വിൻഡീസ് സ്പിന്നർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഇന്ത്യൻ ബാറ്റിങ്ങിനെ പരീക്ഷിക്കാൻ അതു പോരായിരുന്നു.