- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി മാതാപിതാക്കൾക്ക് സമർപ്പിച്ച് യശസ്വി ജയ്സ്വാൾ; മകന്റെ സ്വപ്ന തുല്യമായ നേട്ടത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥനയുമായി പിതാവ് ഹരിദ്വാറിൽ; യുവതാരം ഇരട്ട സെഞ്ച്വറി തികക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ഡൊമനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടി ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെ കരിയറിൽ തന്റെ നേട്ടങ്ങൾക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച മാതാപിതാക്കൾക്ക് നേട്ടം സമർപ്പിച്ച് യുവതാരം യശസ്വി ജയ്സ്വാൾ. രണ്ടാം ദിനത്തിലെ കളിക്കുശേഷം സംസാരിക്കവെയാണ് വിൻഡീസിനെതിരായ സെഞ്ചുറി തന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്ന് യശസ്വി പറഞ്ഞത്.
കരിയറിലെ നീണ്ടാത്രയുടെ സാക്ഷാത്കരമാണിത്. ഇതിന് എന്നെ പിന്തുണച്ച കൂടെനിന്ന കുടുംബാംഗങ്ങളോടും മറ്റെല്ലാവരോടും നന്ദിയുണ്ട്. ഈ സെഞ്ചുറി ഞാൻ മാതാപിതാക്കൾക്കും ദൈവത്തിനും സമർപ്പിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇനിയുമേറെ എനിക്ക് ചെയ്യാനുണ്ട്.
ബാറ്റിംഗിനിടെ ക്യാപ്റ്റൻ രോഹിത് ശർമ നൽകിയ ഉപദേശങ്ങൾ ഏറെ സഹായകരമായി. അരങ്ങേറ്റത്തിൽ തന്നെ വലിയ സ്‌കോർ നേടാൻ രോഹിത് എന്നെ പ്രദോചിപ്പിച്ചു. ഈ പിച്ചിൽ എങ്ങനെ പിടിച്ചു നിൽക്കണമെന്നും റൺസ് നേടണണമെന്നും രോഹിത് ഭായി എന്നോട് പറഞ്ഞുതന്നിരുന്നു. കളിക്കാനിറങ്ങും മുമ്പ് തന്നെ രോഹിത് ഭായി എന്നോട് പറഞ്ഞത്, നിനക്കതിന് കഴിയും, നിനക്ക് മാത്രമെ അതിന് കഴിയൂ എന്നായിരുന്നു. അതെന്നെ മാനസികമായി കരുത്തനാക്കി. രോഹിത് ഭായിക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അത് വരും മത്സരങ്ങളിൽ എന്നെ തുണക്കുമെന്നാണ് പ്രതീക്ഷയെന്നും ജയ്സ്വാൾ രണ്ടാം ദിനത്തിലെ കളിക്കുശേഷം പറഞ്ഞു.
ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ തന്നെ സെഞ്ച്വറി നേടി ഇരുപത്തിയൊന്നുകാരൻ ക്രിസീലുണ്ട്. അരങ്ങേറ്റ മത്സരത്തിലെ സമ്മർദങ്ങളൊന്നും താരത്തിനില്ലായിരുന്നു. താരം ഇരട്ടസെഞ്ചുറി തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കരീബിയൻ ബൗളർമാരുടെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച്, ശ്രദ്ധയോടെ ബാറ്റേന്തുന്ന താരത്തിന് കൂട്ടായി സൂപ്പർതാരം വിരാട് കോഹ്ലിയാണ് മൂന്നാം ദിനം ക്രീസിൽ.
ഏതൊരാളുടെയും വിജയത്തിനു പിറകിലും ഒരാളുണ്ടാകും എന്നുപറയുന്നതുപോലെ, യശസ്വിയുടെ പിന്നിലെ ശക്തി പിതാവ് ഭൂപേന്ദ്ര ജയ്‌സ്വാളിന്റെ പിന്തുണയും പ്രാർത്ഥനയുമാണ്. മകൻ അരങ്ങേറ്റ മത്സരത്തിൽതന്നെ സ്വപ്നസമാന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പിതാവ് പോയത് ഹരിദ്വാറിലെ കൻവാർ തീർത്ഥാടന യാത്രയിൽ പങ്കെടുക്കാനാണ്. നേട്ടത്തിൽ ദൈവത്തോട് നന്ദി പറഞ്ഞ പിതാവ്, മകൻ ഇരട്ട സെഞ്ച്വറി തികക്കുമെന്ന പ്രതീക്ഷയിലാണ്.
ടെസ്റ്റിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-ാമത് ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ബഹുമതി യശസ്വി സ്വന്തമാക്കുകയും ചെയ്തു. രാജ്യത്തിന് പുറത്ത് അരങ്ങേറ്റത്തിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏഴാമത് ഇന്ത്യൻ താരവും. ഓപണറായിറങ്ങിയ യശസ്വി രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ചശേഷം 215 പന്തിൽ 11 ബൗണ്ടറിയടക്കമാണ് ശതകം കുറിച്ചത്. ജാഗ്രതയോടെ നിലയുറപ്പിച്ച താരം മോശം പന്തുകൾ തെരഞ്ഞെടുത്ത് ശിക്ഷിച്ചാണ് സ്‌കോറിങ്ങിന് ആക്കംകൂട്ടിയത്.
വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ രോഹിതും, യശ്വസിയും ഓപ്പണിങ് വിക്കറ്റിൽ 229 റൺസ് കൂട്ടിച്ചേർത്തശേഷമാണ് വേർപിരിഞ്ഞത്. വിൻഡീസ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണിത്. വിൻഡീസിനെതിരായ സെഞ്ചുറിയോടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരമായി യശ്വസി. വിദേശത്ത് ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും യശസ്വി സ്വന്തമാക്കി. 14 ഫോറുൾപ്പടെ 143 റൺസുമായി രണ്ടാം ദിനത്തിലും ക്രീസിലുണ്ട് ഈ ഇരുപത്തിയൊന്നുകാരൻ.
സ്പോർട്സ് ഡെസ്ക്