- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗ്ലാദേശ് വനിതകൾക്ക് മുന്നിൽ അപ്രതീക്ഷിത തോൽവി വഴങ്ങി ഹർമൻപ്രീത് കൗറും സംഘവും; ആദ്യ ഏകദിനത്തിൽ 40 റൺസിന്റെ തോൽവി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയം; പരമ്പരയിൽ മുന്നിൽ
ധാക്ക: ബംഗ്ലാദേശ് വനിതകൾക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. ധാക്ക, ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 40 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 43 ഓവറിൽ 152ന് എല്ലവരും പുറത്തായി. നാല് വിക്കറ്റ് നേടിയ അമൻജോത് കൗറാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 35.5 ഓവറിൽ 113ന് എല്ലാവരും പുറത്താവുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ മറൂഫ അക്തറാണ് ഇന്ത്യൻ നിരയെ തകർത്തത്. ഇന്ത്യക്കെതിരെ ഏകദിനത്തിൽ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ജയിക്കുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി.
20 റൺസ് നേടിയ ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പേരുകേട്ട ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. 10 ഓവർ പിന്നിടുമ്പോൾ മൂന്നിന് 37 എന്ന നിലയിലായി ഇന്ത്യ. സ്മൃതി മന്ഥാനയാണ് (11) ആദ്യം മടങ്ങിയത്. പിന്നാലെ സഹഓപ്പണർ പ്രിയ പൂനിയ (10) പവലിയനിൽ തിരിച്ചെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും (5) തിളങ്ങാനായില്ല. യഷ്ടിക ഭാട്ടിയ (15), ജമീമ റോഡ്രിഗസ് എന്നിവരും മടങ്ങിയതോടെ അഞ്ചിന് 61 എന്ന നിലയിലായി ഇന്ത്യ.
തുടർന്ന് ദീപ്തി - അമൻജോത് കൗർ (15) സഖ്യം കൂട്ടിചേർത്ത 30 റൺസാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ അമൻജോതിനേയും സ്നേഹ് റാണയേയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മറൂഫ ബംഗ്ലാദേശിനെ വിജയത്തിനടുത്തെത്തിച്ചു. പിന്നാലെ ദീപ്തിയും മടങ്ങി. പൂജ വസ്ത്രകർ (7), ബറേദി അനുഷ (2) എന്നിവർക്ക് അധികനേരം പിടിച്ചുനിൽക്കാനായതുമില്ല. മറൂഫയ്ക്ക് പുറമെ റബേയ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 39 റൺസ് നേടിയ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യൻ ബൗളർമാർ തുടക്കത്തിലെ പിടിമുറുക്കിയപ്പോൾ തകർച്ചയോടെയായിരുന്നു ബംഗ്ലാ വനിതകളുടെ തുടക്കം. 25.6 ഓവറിൽ 81 റൺസ് എടുക്കുമ്പോഴേക്ക് നാല് വിക്കറ്റ് വീണു. അമൻജോത് കൗറാണ് ബംഗ്ലാ മുൻനിരയ്ക്ക് മുന്നിൽ കൊടുങ്കാറ്റായത്. മുർഷിദ ഖതുൻ (13), ഷമീമ അക്തർ (0), ഫർഗാന ഹഖ് (27), റിതു മോണി (8 ) റൺസെടുത്തും മടങ്ങി. 64 പന്ത് നേരിട്ട് 39 റൺസ് നേടിയ നിഗർ സുൽത്താന മാത്രമാണ് ഇതിന് ശേഷം പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. പിന്നീട് വന്ന ആരെയും 20 റൺസ് കടക്കാൻ ഇന്ത്യൻ വനിതകൾ അനുവദിച്ചില്ല.
നഹീദ അക്തർ(2), റബീയ ഖാൻ(10), സുൽത്താന ഖതൂൻ(16), മറൂഫ അക്തർ(6), ഷോർനാ അക്തർ(0), ഫഹീമ ഖാത്തൂൻ(12*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ. ഇന്ത്യക്കായി നാല് വിക്കറ്റ് നേടിയ അമൻജോതിന് പുറമെ ദേവിക വൈദ്യ രണ്ടും ദീപ്തി ശർമ ഒന്നും വിക്കറ്റുമായി തിളങ്ങി. നേരത്തെ ട്വന്റി 20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്