ബാർബഡോസ്: വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി വഴങ്ങിയ ടീമിൽ നിന്ന് ഒരു മാറ്റം മാത്രമാണ് വിൻഡീസ് സെലക്ടർമാർ വരുത്തിയത്. ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ നിരാശപ്പെടുത്തിയ യുവ ബാറ്റർ റെയ്മൺ റീഫറെ വിൻഡീസ് ടീമിൽ നിന്നൊഴിവാക്കി. ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ മൂന്നും രണ്ടാം ഇന്നിങ്‌സിൽ 11 ഉം റൺസെടുത്ത് റീഫർ പുറത്തായിരുന്നു.

റീഫർക്ക് പകരം ബൗളിങ് ഓൾ റൗണ്ടറായ കെവിൻ സിംക്ലെയറെ ഹെയ്ൻസിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. എന്നാൽ റീഫറെ ആർക്കെങ്കിലും പരിക്കേറ്റാലുള്ള പകരക്കാരനായി ടീമിനൊപ്പം നിലനിർത്തിയിട്ടുണ്ട്. വിൻഡീസിനായി ഏകദിനങ്ങളിൽ തിളങ്ങിയിട്ടുള്ള ഓഫ് സ്പിന്നറാണ് സിംക്ലെയർ. വിൻഡീസ് കുപ്പായത്തിൽ ഏഴ് മത്സരങ്ങളിൽ കളിച്ച സിംക്ലെയർ 11 വിക്കറ്റ് വീഴ്‌ത്തി. ഇതുവരെ കളിച്ച 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ബാറ്റിംഗിൽ 29ഉം ബൗളിംഗിൽ 23.98ഉം ആണ് സിംക്ലെയറുടെ ശരാശരി.

ഈ വർഷം ആദ്യം ബംഗ്ലാദേശ് എ ടിമിനെതിരെ പുറത്തെടുത്ത മികവാണ് സിംക്ലെയർക്ക് ടീമിൽ ഇടം നൽകിയത്. മൂന്ന് മത്സരങ്ങളില് 13 വിക്കറ്റാണ് സിംക്ലെയർ ബംഗ്ലാദേശിനെതിരെ വീഴ്‌ത്തിയത്. റഹ്കീം കോൺവാൾ ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം അസുഖബാധിതമനായി മടങ്ങിയിരുന്നെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ടീമിലും നിലനിർത്തിയിട്ടുണ്ട്. കോൺവാൾ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് സൂചന. പേസ് നിരയിൽ അൽസാരി ജോസഫ്, ജേസൺ ഹോൾഡർ, കെമർ റോച്ച് എന്നിവരാണുള്ളത്. സ്പിന്നറായി കോൺവാളിന് പുറമെ ജോമൽ വാറിക്കനും ടീമിലുണ്ട്.

ഡൊമനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ വിൻഡീസ് അടിയറവ് പറഞ്ഞിരുന്നു. ആദ്യ ഇന്നിങ്‌സിൽ 150ഉം രണ്ടാം ഇന്നിങ്‌സിൽ 130ഉം റൺസിനാണ് വിൻഡീസ് പുറത്തായത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ യശസ്വി ജയ്സ്വാളിന്റെയും രോഹിത് ശർമയുടെയും സെഞ്ചുറികളുടെ മികവിൽ 421-5 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു.

ആദ്യ ടെസ്റ്റിൽ വിജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും. അതേ സമയം വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടിയ അജിങ്ക്യാ രഹാനെയുടെ ഭാവി വീണ്ടും തുലാസിലായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ മറ്റന്നാൾ പോർട്ട് ഓഫ് സ്‌പെയിനിലെ ക്യൂൻസ് പാർക്ക് ഓവലിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തിയാൽ വീണ്ടും ടീമിന് പുറത്തേക്ക് പോകേണ്ടിവരുമെന്ന ഭീഷണിയിലാണ് രഹാനെ.

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോററായ രഹാനെ രണ്ടാം ഇന്നിങ്‌സിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റനായി രഹാനെയെ ഉയർത്തിയത്. ടീമിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തതിനെ മുൻകാല താരങ്ങളിൽ ചിലർ വിമർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ രോഹിത് ശർമ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ രഹാനെ താൽക്കാലിക നായകനാകുമെന്നും പുതിയ തലമുറയിലെ ശുഭ്മാൻ ഗിൽ അടക്കമുള്ള താരങ്ങളെ നായകരായി വളർത്തിയെടുക്കുന്നതു വരെ രഹാനെ നയിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ പിന്നെ ഇന്ത്യക്ക് അടുത്ത കാലത്തൊന്നും ടെസ്റ്റ് പരമ്പരകളില്ല. വിൻഡീസ് പരമ്പരക്ക് ശേഷം ഏഷ്യാ കപ്പിലും പിന്നാലെ ലോകകപ്പിലുമാണ് ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തിൽ വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ തിളങ്ങേണ്ടത് രഹാനെക്ക് അനിവാര്യമാണ്.

ഡൊമനിക്കയിലെ സ്ലോ പിച്ചിൽ രഹാനെ പിടിച്ചു നിൽക്കാതെ അലസമായി ഷോട്ട് കളിച്ച് പുറത്തായതാണ് വിമർശനങ്ങൾക്ക് ആക്കം കൂട്ടിയത്. കെ എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവരുന്നതുവരെയുള്ള താൽക്കാലിക പരിഹാരമെന്ന നിലയിലാണ് രഹാനെക്ക് ടീമിൽ വീണ്ടും അവസരം നൽകിയതെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം കൊണ്ട് രഹാനെ തന്റെ ക്ലാസ് മങ്ങിയിട്ടില്ലെന്ന് അടിവരയിട്ടിരുന്നു.

എന്നാൽ വിൻഡീസിനെതിരെ ഏറ്റവും മികച്ച റെക്കോർഡുള്ള രഹാനെക്ക് രണ്ടാം ടെസ്റ്റിലും തിളങ്ങാൻ കഴിയാതിരിക്കുകയും ശ്രേയസും രാഹുലും പരിക്ക് മാറി തിരിച്ചെത്തുകയും ചെയ്താൽ ഒരിക്കൽ കൂടി ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തേടേണ്ടിവരുമെന്നാണ് സൂചന. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ ഈ വർഷം അവസാനം ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.