- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിൻഡീസിന് എതിരായ ടെസ്റ്റ് സെഞ്ചുറി തുണച്ചു; ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ രോഹിത് ശർമ്മ ആദ്യ പത്തിൽ; അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാളും റാങ്കിങ്ങിൽ; ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി അശ്വിൻ
ദുബായ്: വെസ്റ്റ് ഇൻഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും സെഞ്ചുറിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ പത്താം ടെസ്റ്റ് സെഞ്ചുറിയാണ് രോഹിത്തിനെ വീണ്ടും ആദ്യ പത്തിലെത്തിച്ചത്. പുതുക്കിയ റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് രോഹിത്തിന്റെ സ്ഥാനം.
ടെസ്റ്റ് ബാറ്റിങ് റാങ്കിംഗിൽ കെയ്ൻ വില്യംസൺ ഒന്നാം സ്ഥാനവും ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനവും നിലനിർത്തി. 883 റേറ്റിങ്ങുമായാണ് കിവീസ് നായകൻ കെയ്ൻ വില്യംസൻ പട്ടികയിൽ ഒന്നാമതെത്തിയത്. ട്രാവിസ് ഹെഡ്, ബാബർ അസം, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരാണ് ആദ്യ അഞ്ച് റാങ്കിലുള്ള താരങ്ങൾ.
വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്സ്വാൾ ടെസ്റ്റ് റാങ്കിംഗിൽ അരങ്ങേറി. വിൻഡസിനെതിരെ 171 റൺസ് അടിച്ച ജയ്സ്വാൾ 73ാം സ്ഥാനത്താണിപ്പോൾ. രോഹിത് ശർമ പത്താം സ്ഥാനത്തേക്ക് കയറിയപ്പോൾ കാർ അപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുന്ന റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്തേക്ക് ഇറങ്ങി. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ അർധസെഞ്ചുറി നേടിയ വിരാട് കോലി പുതിയ റാങ്കിംഗിൽ പതിനാലാം സ്ഥാനത്താണ്.
രോഹിത്തിനും ജയ്‌സ്വാളിനും പുറമെ ടെസ്റ്റ് ബൗളിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അശ്വിൻ വിൻഡീസിനെതിരായ 12 വിക്കറ്റ് പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിച്ചു. ആദ്യ ടെസ്റ്റിലെ പ്രകടനത്തോടെ 24 റേറ്റിങ് പോയന്റ് സ്വന്തമാക്കിയ അശ്വിൻ രണ്ടാം സ്ഥാനത്തുള്ള ഓസീസ് നായകൻ പാറ്റ് കമിൻസിനെക്കാൾ 56 റേറ്റിങ് പോയന്റ് മുന്നിലാണിപ്പോൾ. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റെങ്കിലും ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ തന്നെയാണ് തലപ്പത്ത്. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ജഡേജ ഒന്നാമതും അശ്വൻ രണ്ടാമതുമാണ്.
സ്പോർട്സ് ഡെസ്ക്