- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവർ വരെ വീരോചിത പോരാട്ടം; മന്ദാനയുടേയും ഹർലീന്റെയും അർധസെഞ്ചുറി പാഴായി; മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ 'കുരുക്കി' ബംഗ്ലാദേശ്; പരമ്പര സമനിലയിൽ; ട്രോഫി പങ്കിട്ട് ഇരുടീമുകളും
ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടീമുകൾ തമ്മിലുള്ള മൂന്നാം ഏകദിന മത്സരം സമനിലയിൽ അവസാനിച്ചതോടെ ട്രോഫി പങ്കിട്ട് ഇരുടീമുകളും. മൂന്നാം ഏകദിനമത്സരം സമനിലയായതോടെ പരമ്പരയിൽ ഓരോ വിജയവുമായി ഇരുടീമുകളും തുല്യത പാലിക്കുകയായിരുന്നു. മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശ് വനിതകൾ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 225 റൺസിന് ഓൾഔട്ടായി. നേരത്തേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ നേടിയിരുന്നു,
മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50-ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 225 റൺസെടുത്തു.ഓപ്പണർ ഫർഗാന ഹൊക്കിന്റെ സെഞ്ചുറിയാണ് ടീമിന് കരുത്തായത്. 160 പന്തിൽ നിന്ന് ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ ഫർഗാന 107 റൺസെടുത്തു. ഷമീമ സുൽത്താനയും അർധസെഞ്ചുറി(52) പ്രകടനത്തോടെ മികച്ചുനിന്നു. നിഗർ സുൽത്താന(24), ശോഭന മൊസ്തരി(23) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ 225 റൺസിന് ഓൾഔട്ടായി. ഇതോടെ മത്സരം സമനിലയിലായി. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(59), ഹർലീൻ ഡിയോൾ(77), ജെമീമ റോഡ്രിഗസ് എന്നിവർ മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. 49-ാം ഓവർ അവസാനിക്കുമ്പോൾ 223-9 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ അവസാന ഓവറിൽ വിജയിക്കാനാവശ്യമായ മൂന്ന് റൺസ് കണ്ടെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആദ്യ രണ്ട് പന്തിലും ഓരോ റൺസ് നേടി ഇന്ത്യ സ്‌കോർ തുല്യമാക്കി. മൂന്നാം പന്തിൽ വിക്കറ്റ് വീണതോടെ ഇന്ത്യൻ വനിതകൾ 225 റൺസിന് പുറത്തായി. മത്സരം സമനിലയിലായി. ബംഗ്ലാദേശ് വനിതകൾക്കായി നഹിദ അക്തർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
അവസാന രണ്ട് ഓവറിൽ ഒമ്പത് റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമായിരുന്നു ബാക്കി. ജമീമ ക്രീസിലുണ്ടായിരുന്നു. 49-ാം ഓവറിൽ ആറ് റൺസ് പിറന്നു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് മൂന്ന് റൺ. ആദ്യ പന്തിൽ മേഘ്ന സിങ് ഒരു റൺ നേടി. അടുത്ത പന്തിൽ ജമീമയും സിംഗിളെടുത്തു. എന്നാൽ മൂന്നാം പന്തിൽ മേഘ്ന പുറത്തായി. 48-ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
സ്പോർട്സ് ഡെസ്ക്