ധാക്ക: അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ടൈ ആയതിന് പിന്നാലെ മത്സരം നിയന്ത്രിച്ച അമ്പയർമാർക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിലെ അമ്പയറിങ് പരിതാപകരമായിരുന്നുവെന്നും അടുത്തതവണ ബംഗ്ലാദേശിലേക്ക് വരുമ്പോൾ മോശം അമ്പയറിങ് കൂടി കണക്കിലെടുത്ത് അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുമെന്നും ഹർമൻ മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ തുറന്നടിച്ചു.

ഇരുടീമും 225 റൺസ് എടുത്ത് മത്സരം ടൈയിൽ കലാശിക്കുകയായിരുന്നു. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര സമനിലയിലായി. എന്നാൽ, ഔട്ടായതിനു പിന്നാലെ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ബാറ്റ് കൊണ്ട് സ്റ്റംപിൽ തല്ലിയതും അമ്പയറോട് കയർത്തതും വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് താരങ്ങളുടെ എൽ.ബി.ഡബ്ല്യു അപ്പീൽ അനുവദിച്ചതാണ് ഇന്ത്യൻ താരത്തെ പ്രകോപിപ്പിച്ചത്.

20 പന്തിൽ 14 നിൽക്കെ നഹിദ അക്തർ എറിഞ്ഞ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് താരം എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയത്. ബംഗ്ലാദേശ് താരങ്ങളുടെ അപ്പീലിന് മുന്നിൽ ഒന്നും ആലോചിക്കാതെ അമ്പയർ വിരലുയർത്തി. എന്നാൽ പന്ത് ഗ്ലൗസിൽ കൊണ്ടെന്നും ഔട്ടല്ലെന്നും മനസ്സിലാക്കിയ കൗർ തന്റെ ദേഷ്യം ഗ്രൗണ്ടിൽ തീർക്കുകയായിരുന്നു.

ആദ്യം ബാറ്റിൽ കൈകൊണ്ട് ഇടിച്ച കൗർ, പിന്നാലെ ബാറ്റു കൊണ്ട് സ്റ്റംപിലും തല്ലി. ഗ്രൗണ്ട് വിട്ട് പോകുമ്പോഴും അമ്പയറോട് കയർക്കുന്നുണ്ടായിരുന്നു. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിൽ മോശം അമ്പയറിങ്ങിനെ കുറിച്ച് കൗർ തുറന്നിടിക്കുകയും ചെയ്തു.

ഈ മത്സരം ക്രിക്കറ്റിന് പുറമെ ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഇവിടുത്തെ അമ്പയറിങ് നിലവാരം ഞങ്ങളെ അതിശയിപ്പിച്ചു. അടുത്ത തവണ ബംഗ്ലാദേശിലേക്ക് വരുമ്പോൾ ഇത്തരം അമ്പയർമാരെ കൂടി നേരിടാനുള്ള തയ്യാറെടുപ്പ് ഞങ്ങൾ നടത്തും-ഹർമൻപ്രീത് പറഞ്ഞു. മത്സരശേഷം ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അമ്പയർമാർ അവരുടെ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഹർമൻ ആരോപിച്ചിരുന്നു. മത്സരശേഷം ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കാതെ ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തു.

എന്നാൽ ബാറ്റിംഗിനിടെ പുറത്തായശേഷം സ്റ്റംപ് അടിച്ചു തെറിപ്പിക്കുകയും അമ്പയർമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്ത ഹർമൻ ബംഗ്ലാദേശ് ക്രിക്കറ്റിനെ അപമാനിച്ചുവെന്ന് ക്യാപ്റ്റൻ നിഗർ സുൽത്താന പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഹർമനാണ്. ഒരു കളിക്കാരിയെന്ന നിലയിൽ അവർക്ക് കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നു. മത്സരശേഷം ടീം അംഗങ്ങൾ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യാനുള്ള സാഹചര്യമല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കാതെ ഞങ്ങൾ മടങ്ങിയത്. ക്രിക്കറ്റ് മാന്യതയുടെയും അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കളിയാണ്. എന്നാൽ ഹർമൻ അത് കാണിച്ചില്ല.

ഹർമൻ ഔട്ടായതുകൊണ്ടായിരിക്കുമല്ലോ അമ്പയർ ഔട്ട് വിളിച്ചത്. അവരെല്ലാം രാജ്യാന്തര മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരാണ്. അമ്പയർമാരുടെ തീരുമാനം ഞങ്ങൾ മാനിക്കുന്നു. കാരണം ഇഷ്ടമായാലും അല്ലെങ്കിലും ക്രിക്കറ്റിൽ അമ്പയറുടെ തീരുമാനമാണ് അന്തിമം. ഇന്ത്യൻ താരങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് മനസിലാവുന്നില്ലെന്നും നിഗർ സുൽത്താന പറഞ്ഞു.

എന്നാൽ ഇത്തരത്തിൽ സംഭവം മുമ്പ് ബംഗ്ലാദേശിൽ തന്നെ ഉണ്ടായിട്ടുണ്ട്. അവരുടെ ടി20 - ടെസ്റ്റ് ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനായിരുന്നു അന്ന് വില്ലൻ. മുഹമ്മദൻ സ്‌പോർട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ബംഗ്ലാദേശ് ഓൾറൗണ്ടറുടെ പക്വതയില്ലാത്ത പെരുമാറ്റം. മുഹമ്മദൻസിന്റെ താരമാണ് ഷാക്കിബ്. അഭഹാനിയുടെ താരമായി മുഷ്ഫിഖുർ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എൽബിഡബ്ല്യൂവിന് അപ്പീൽ ചെയ്തു.

എന്നാൽ അംപയർ ഔട്ട് നൽകിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ സ്റ്റംപ് നോൺസ്‌ട്രൈക്കിലെ കാലുകൊണ്ടു തട്ടിയിട്ടു. പിന്നാലെ അംപയോട് കയർത്ത് സംസാരിക്കുകയും ചെയ്തു.

സംഭവം അവിടെയും തീർന്നില്ല. മത്സരത്തിന്റെ ആറാം ഓവറിൽ മഴയെത്തി. ഇതോടെ അംപയർക്ക് മത്സരം നിർത്തിവെക്കേണ്ടിവന്നു. ഒരിക്കൽകൂടി നോൺസ്‌ട്രൈക്കിലെ അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞു. പിന്നാലെ അംപയറോട് കടുത്തരീതിയതിൽ സംസാരിക്കുന്നതിലും വിഡീയോയിൽ കാണാമായിരുന്നു. ഈ രണ്ട് സംഭവങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഹർമൻപ്രീതിനെ വിമർശിച്ചും അല്ലാതേയും ട്വീറ്റുകൾ വരുന്നുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചപ്പോൾ മൂന്നാം മത്സരം ടൈ ആയതോടെ പരമ്പര സമനിലയായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഫർഗാന ഹോഖിന്റെ സെഞ്ചുറി(107) കരുത്തിൽ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 225 രൺസെടുത്തപ്പോൾ ഹർലീൻ ഡിയോളിന്റെ(77) അർധസെഞ്ചുറി മികവിലാണ് ഇന്ത്യ 225 റൺസെടുത്തത്.