ധാക്ക: ബംഗ്ലാദേശ് വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരം ടൈ ആയതിന് പിന്നാലെ അംപയർമാർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മൂന്നാം പോരാട്ടം സമനിലയിലായതിനു പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ അംപയർമാർക്കെതിരെ ആഞ്ഞടിച്ചത്. ബംഗ്ലാദേശിലെ അംപയർമാരുടെ നിലവാരം കണ്ട് ഞെട്ടിപ്പോയെന്ന് അവതാരകന്റെ ചോദ്യത്തിനു മറുപടിയായി ഹർമൻപ്രീത് പ്രതികരിച്ചു. അടുത്തവട്ടം ബംഗ്ലാദേശിലേക്കു വരുമ്പോൾ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

''ഇവിടത്തെ അംപയറിങ് കണ്ട് ഇന്ത്യൻ താരങ്ങൾ അദ്ഭുതപ്പെട്ടുപോയി. ഇനി വരുമ്പോൾ അതിനെ കൈകാര്യം ചെയ്യാൻ കൂടി തയ്യാറെടുക്കേണ്ടതുണ്ട്. ഞങ്ങളുടെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇവിടെയുണ്ട്. നിങ്ങൾ അവരെയും വേദിയിലേക്കു വിളിക്കുമെന്നാണു കരുതിയത്. പക്ഷേ കുഴപ്പമില്ല.'' ഹർമൻപ്രീത് വ്യക്തമാക്കി.

മത്സരത്തിലെ തെറ്റായ തീരുമാനങ്ങളാണ് ഹർമൻപ്രീതിനെ ചൊടിപ്പിച്ചത്. ''ഇത്തരത്തിലുള്ള അംപയറിങ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങൾ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറിൽ പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോൾ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം.'' കൗർ മത്സരശേഷം വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയിലാണ് അവസാനിച്ചത്. അവസാന മത്സരം ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ട്രോഫി പങ്കിടേണ്ടി വന്നു. എന്നാൽ ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹർമൻപ്രീതിന്റെ കലി തീർന്നില്ല. മത്സരശേഷം ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അംപയർമാർ അവരുടെ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഹർമൻ ആരോപിച്ചിരുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അംപയർമാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങൾക്ക് ട്രോഫി നേടിത്തരാൻ സഹായിച്ചതെന്നും ഹർമൻ പറഞ്ഞു. ഇതോടെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കാതെ ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതേസമയം ഹർമൻപ്രീതിന്റേത് മര്യാദയില്ലാത്ത പെരുമാറ്റമാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ തിരിച്ചടിച്ചു.

മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിക്കറ്റിൽ ബാറ്റുകൊണ്ടു തല്ലിയിരുന്നു. ടീമുകൾ ഫോട്ടോയെടുക്കുമ്പോൾ ബംഗ്ലാദേശ് ടീമിനൊപ്പം നിൽക്കാൻ ഹർമൻപ്രീത് അംപയർമാരെയും ക്ഷണിച്ചു. അംപയർമാരും ബംഗ്ലാദേശ് ടീമിന്റെ ഭാഗമാണെന്നു കാണിക്കാനായിരുന്നു ഹർമന്റെ നീക്കമെന്നു വിമർശനം ഉയർന്നിരുന്നു. ഇതാണ് ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. ഒരു താരമെന്ന നിലയിൽ കൂടുതൽ മര്യാദയോടെ പെരുമാറേണ്ടത് ഹർമൻപ്രീത് കൗറിന്റെ ചുമതലയാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന പ്രതികരിച്ചു.

''എന്താണു സംഭവിച്ചതെന്ന് എനിക്കു നിങ്ങളോടു പറയാൻ സാധിക്കില്ല. പക്ഷേ എന്റെ ടീമിനൊപ്പം അംപയർമാരെയും വിളിച്ചതു ശരിയായില്ല. ക്രിക്കറ്റ് അച്ചടക്കത്തിന്റേയും ബഹുമാനത്തിന്റേയും കളിയാണ്. നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അംപയർമാരുടെ തീരുമാനം അന്തിമമാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ മര്യാദയോടെ പെരുമാറാമായിരുന്നു.'' ബംഗ്ലാദേശ് ക്യാപ്റ്റൻ വ്യക്തമാക്കി.

സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും അംപയറുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്ത ഹർമൻപ്രീതിന് കനത്ത പിഴയാണ് ചുമത്തിയത്. ലെവൽ വൺ കുറ്റം ചെയ്ത ഹർമന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്റ് വിധിക്കുകയും ചെയ്യും എന്നാണ് ക്രിക്‌ബസിന്റെ റിപ്പോർട്ട്. സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും മത്സര ശേഷം അംപയർക്കെതിരെ നടത്തിയ വിമർശനത്തിന് 25 ശതമാനം പിഴയുമാണ് ലഭിക്കുക. ഓൺഫീൽഡിലെ മോശം പെരുമാറ്റത്തിനാണ് നാലിൽ മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ.