ട്രിനിഡാഡ്: ക്വീൻസ് പാർക്ക് ഓവലിലെ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ 255 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ. 183 റൺസിന്റെ നിർണായക ലീഡ് നേടിയ സന്ദർശകർക്ക് രണ്ടാം ഇന്നിങ്‌സിൽ മികച്ച തുടക്കമാണ് നായകൻ രോഹിത് ശർമ്മയും യുവതാരം യശ്വസി ജയ്‌സ്വാളും ചേർന്ന് നൽകിയത്. ഇന്ത്യക്ക് നിലവിൽ 235 റൺസിന്റെ ലീഡായി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 438 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് നാലാം ദിനം ആദ്യ സെഷനിൽ 255 റൺസിൽ പുറത്താവുകയായിരുന്നു. 229-5 സ്‌കോറിൽ നാലാം ദിനം ക്രീസിലെത്തിയ കരിബീയൻ ടീമിന് ഇന്ന് 29 റൺസ് കൂടി ചേർക്കുന്നതിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ നഷ്ടമായി. അഞ്ച് വിക്കറ്റുമായി പേസർ മുഹമ്മദ് സിറാജാണ് വിൻഡീസിനെ എറിഞ്ഞിട്ടത്.

2295 എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. അലിക് അഥാനസേ 111 പന്തിൽ 37 ഉം ജേസൻ ഹോൾഡർ 39 പന്തിൽ 11 ഉം റൺസുമായായിരുന്നു ക്രീസിൽ. നാലാം ദിനം കളി തുടങ്ങി ആദ്യ ഓവറിൽ തന്നെ അലിക്കിനെ അരങ്ങേറ്റക്കാരൻ മുകേഷ് കുമാർ പുറത്താക്കി. 115 പന്തിൽ 37 റൺസുമായി അലിക് അഥാനസേ എൽബിയിൽ കുടുങ്ങുകയായിരുന്നു.

തൊട്ടടുത്ത ഓവറിൽ ജേസൻ ഹോൾഡറിനെ(44 പന്തിൽ 15) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. ഒരോവറിന്റെ ഇടവേളയിൽ അൽസാരി ജോസഫും മടങ്ങി. 12 പന്തിൽ 4 റൺസ് നേടിയ ജോസഫിന്റെ വിക്കറ്റും സിറാജിനായിരുന്നു. കെമാർ റോച്ചിനെയും(13 പന്തിൽ 4), ഷാന്നൻ ഗബ്രിയേലിനേയും(0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ സിറാജ് അഞ്ച് വിക്കറ്റ് തികച്ചപ്പോൾ വിൻഡീസ് ഇന്നിങ്സ് 115.4 ഓവറിൽ 255 എന്ന സ്‌കോറിൽ അവസാനിച്ചു. 12 പന്തിൽ ഏഴ് റൺസുമായി ജൊമെൽ വാരിക്കെൻ പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(75), ടാഗ്നരെയ്ൻ ചന്ദർപോൾ(33), കിർക് മക്കെൻസി(32), ജെറമൈൻ ബ്ലാക്ക്വുഡ്(20), ജോഷ്വാ ഡാ സിൽസ(10) എന്നിവരുടെ വിക്കറ്റുകൾ മൂന്നാം ദിനം വിൻഡീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി പേസർ മുഹമ്മദ് സിറാജ് 23.4 ഓവറിൽ 60 റൺസിന് അഞ്ച് വിക്കറ്റ് പേരിലാക്കി. അരങ്ങേറ്റ പേസർ മുകേഷ് കുമാർ രണ്ടും സ്പിന്നർമാരായ രവീന്ദ്ര ജഡേജ രണ്ടും രവിചന്ദ്രൻ അശ്വിൻ ഒന്നും വിക്കറ്റ് നേടി.