ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിന് എതിരായ മൂന്നാം ഏകദിന മത്സരത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമർശനമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഉയർത്തിയത്. മത്സരത്തിലെ തെറ്റായ തീരുമാനങ്ങളാണ് ഹർമൻപ്രീതിനെ ചൊടിപ്പിച്ചത്. ''ഇത്തരത്തിലുള്ള അംപയറിങ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങൾ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറിൽ പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോൾ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം.'' കൗർ മത്സരശേഷം വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയിലാണ് അവസാനിച്ചത്. അവസാന മത്സരം ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ട്രോഫി പങ്കിടേണ്ടി വന്നു. എന്നാൽ ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹർമൻപ്രീതിന്റെ കലി തീർന്നില്ല. മത്സരശേഷം ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അംപയർമാർ അവരുടെ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഹർമൻ ആരോപിച്ചിരുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അംപയർമാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങൾക്ക് ട്രോഫി നേടിത്തരാൻ സഹായിച്ചതെന്നും ഹർമൻ പറഞ്ഞു. ഇതോടെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കാതെ ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അംപയർമാരെകൂടി ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കാൻ 'ക്ഷണിച്ചിരുന്നു'. അംപയർമാരും ബംഗ്ലാദേശ് ടീമിലുള്ളതാണ് എന്നു താരങ്ങളെ പരിഹസിക്കാനാണ് ഹർമൻപ്രീത് ഇത്തരമൊരു നീക്കം നടത്തിയതെന്നും വിമർശനമുയർന്നു.

ബംഗ്ലാദേശ് താരങ്ങളുടെ എൽബിഡബ്ല്യു അപ്പീൽ അംപയർ അനുവദിച്ചതാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. പുറത്തായതു വിശ്വസിക്കാതെ കുറച്ചു നേരം ക്രീസിൽ തുടർന്ന ഹർമൻ രോഷം മുഴുവൻ വിക്കറ്റിൽ തീർത്തു. ബാറ്റുകൊണ്ട് വിക്കറ്റിൽ അടിച്ച ശേഷം അംപയറോട് തർക്കിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ ഗ്രൗണ്ട് വിട്ടത്.

ബംഗ്ലാദേശ് ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ 34ാം ഓവറിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്താകൽ. ബംഗ്ലാദേശ് ബോളർ നഹിദ അക്തറിന്റെ പന്തിൽ ഹർമൻപ്രീത് എൽബിഡബ്ല്യു ആകുകയായിരുന്നു.

ബംഗ്ലാദേശിൽനിന്നുള്ള അംപയർമാർക്കായിരുന്നു മത്സരം നിയന്ത്രിക്കാനുള്ള ചുമതല. മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ ടൈ വഴങ്ങിയതോടെ പരമ്പര വിജയികൾക്കുള്ള ട്രോഫിയും പങ്കുവച്ചു. ഇന്ത്യൻ ക്യാപ്റ്റൻ മര്യാദയില്ലാത്ത പെരുമാറ്റമാണ് ഗ്രൗണ്ടിൽ നടത്തിയതെന്ന് ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ തിരിച്ചടിച്ചു.

സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും അംപയറുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്ത ഹർമൻപ്രീതിന് കനത്ത പിഴയാണ് ചുമത്തിയത്. ലെവൽ വൺ കുറ്റം ചെയ്ത ഹർമന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്റ് വിധിക്കുകയും ചെയ്യും എന്നാണ് ക്രിക്‌ബസിന്റെ റിപ്പോർട്ട്. സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും മത്സര ശേഷം അംപയർക്കെതിരെ നടത്തിയ വിമർശനത്തിന് 25 ശതമാനം പിഴയുമാണ് ലഭിക്കുക. ഓൺഫീൽഡിലെ മോശം പെരുമാറ്റത്തിനാണ് നാലിൽ മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ.