ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിവാദമായ പുറത്താകലിന് പിന്നാലെ സ്റ്റംപ് അടിച്ച് തകർക്കുകയും അംപയർമാർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മദൻ ലാൽ. ഹർമ്മൻ പ്രീത് ഇന്ത്യൻ ക്രിക്കറ്റിന് മാനക്കേട് ഉണ്ടാക്കിയെന്നും താരത്തിന് എതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

കടുത്ത നടപടി ഹർമനെതിരെ ഐസിസി സ്വീകരിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യൻ ക്യാപ്റ്റനെ അതിരൂക്ഷമായ വാക്കുകൾ കൊണ്ട് മുൻ താരം മദൻ ലാൽ നേരിട്ടത്. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിലെ പ്രമുഖ താരമാണ് മദൻ ലാൽ.

'ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റം പരിതാപകരമാണ്. ക്രിക്കറ്റിനും മുകളിലല്ല ഹർമൻ. ഹർമൻപ്രീത് ഇന്ത്യൻ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കി. ബിസിസിഐ താരത്തിനെതിരെ അതിശക്തമായ നടപടി സ്വീകരിക്കണം' എന്നുമാണ് ട്വിറ്ററിലൂടെ മദൻ ലാലിന്റെ പ്രതികരണം.

ധാക്കയിലെ മൂന്നാം ഏകദിനത്തിൽ പുറത്തായ ശേഷം തന്റെ ദേഷ്യമെല്ലാം മൈതാനത്ത് പ്രകടിപ്പിച്ച ഹർമൻപ്രീത് കൗർ മത്സര ശേഷം സമ്മാനദാനത്തിനിടെ അംപയറിംഗിനെതിരെ രൂക്ഷ വിമർശനവുമുയർത്തിയിരുന്നു. മത്സരം നാടകീയ സമനിലയിൽ അവസാനിച്ചപ്പോൾ 1-1ന് ഇരു ടീമുകളും ഏകദിന പരമ്പര പങ്കിട്ടെടുത്തു.

മത്സരത്തിൽ ബംഗ്ലാദേശ് സ്പിന്നർ നഹിദ അക്തറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ഹർമൻപ്രീത് കൗർ പുറത്തായത്. എന്നാൽ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച കൗർ പിന്നാലെ സ്റ്റംപ് ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഡ്രസിങ് റൂമിലേക്ക് മടങ്ങുംവഴി അംപയർ തൻവീർ അഹമ്മദുമായി ഹർമൻപ്രീത് കൗർ കയർത്തു.

സമ്മാനദാനവേളയിലും ഹർമൻപ്രീത് കൗർ പൊട്ടിത്തെറിക്കുന്നത് ഏവരും കണ്ടു. 'ഇത്തരത്തിലുള്ള അംപയറിങ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങൾ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറിങ് പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോൾ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം' എന്നുമായിരുന്നു സമ്മാനവേളയിൽ ക്ഷണിച്ചപ്പോൾ ഹർമന്റെ വാക്കുകൾ.

ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹർമൻപ്രീത് ദേഷ്യം പ്രകടിപ്പിച്ചു. 'ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അംപയർമാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങൾക്ക് ട്രോഫി നേടിത്തരാൻ സഹായിച്ചത്' എന്നായിരുന്നു ഹർമന്റെ പ്രതികരണം. ഇതോടെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കാതെ ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തു.