ദുബായ്: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ മൂന്നാം ഏകദിന മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ സ്റ്റംപ് അടിച്ച് തകർക്കുകയും അംപയർമാർക്കെതിരെ തുറന്നടിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ കർശന നടപടിക്ക് സാധ്യത. മാച്ച് ഫീയുടെ 75 ശതമാനം പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ഹർമൻപ്രീതിന് മത്സരവിലക്കും നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. താരത്തെ രണ്ട് മത്സരങ്ങളിൽനിന്ന് സസ്‌പെൻഡ് ചെയ്യാനൊരുങ്ങുകയാണ് ഐസിസി. ഹർമൻപ്രീതിനു മേൽ ഐസിസി നാലു ഡീമെറിറ്റ് പോയിന്റുകൾ ചുമത്തിയിട്ടുമുണ്ട്.

ലെവൽ വൺ കുറ്റം ചെയ്ത ഹർമന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്റ് വിധിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും മത്സര ശേഷം അംപയർക്കെതിരെ നടത്തിയ വിമർശനത്തിന് 25 ശതമാനം പിഴയുമാണ് ലഭിക്കുക. ഓൺഫീൽഡിലെ മോശം പെരുമാറ്റത്തിനാണ് നാലിൽ മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ. താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏഷ്യൻ ഗെയിംസിലെ രണ്ട് നോക്കൗട്ട് മത്സരങ്ങളാണ് ഹർമൻപ്രീതിന് നഷ്ടമാവുക. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല.

ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരങ്ങളിൽ ശിക്ഷ ബാധകമായാൽ ഏഷ്യൻ ഗെയിംസിലെ രണ്ട് കളികൾ ഹർമൻപ്രീതിനു നഷ്ടമാകും. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയിരുന്നു. റാങ്കിങ്ങിലെ ആദ്യ നാലു ടീമുകൾക്കാണ് ക്വാർട്ടർ ഫൈനൽ യോഗ്യതയുള്ളത്. ക്വാർട്ടർ പോരാട്ടവും, സെമിയിലെത്തിയാൽ ആ കളിയും ഇന്ത്യൻ ക്യാപ്റ്റനു നഷ്ടമാകും. ഹർമൻപ്രീത് കളിക്കാതിരുന്നാൽ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയായിരിക്കും ഈ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ പുറത്തായതിനു പിന്നാലെ ഹർമൻപ്രീത് കൗർ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ചിരുന്നു. മത്സരം നിയന്ത്രിക്കുകയായിരുന്ന അംപയർമാരോടും ഇന്ത്യൻ ക്യാപ്റ്റൻ തർക്കിച്ചു. മത്സരത്തിനു ശേഷം ഫോട്ടോ സെഷനിടെ ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ അംപയർമാരെക്കൂടി വിളിക്കണമെന്ന് ഹർമൻപ്രീത് ആവശ്യപ്പെട്ടതും വിവാദത്തിലായി. മൂന്നാം ഏകദിനം സമനിലയിലാക്കിയത് അംപയർമാരാണെന്നും അവരും ബംഗ്ലാദേശ് താരങ്ങളുടെ കൂടെ നിൽക്കേണ്ടവരാണെന്നും ഹർമൻപ്രീത് പറഞ്ഞതായാണു വിവരം. ഇതിനു പിന്നാലെ ഫോട്ടോയെടുക്കാതെ ബംഗ്ലാദേശ് ടീം ഇറങ്ങിപ്പോയിരുന്നു.

ധാക്കയിൽ ബംഗ്ലാദേശ് വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റമാണ് ഹർമൻപ്രീത് കൗറിനെ വിവാദത്തിലാക്കിയത്. സ്പിന്നർ നഹിദ അക്തറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായത് ഹർമന് വിശ്വസനിക്കാനായില്ല. ഉടനടി സ്റ്റംപ് തട്ടിത്തെറിപ്പിച്ച് തന്റെ പ്രതിഷേധം അറിയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഡ്രസിങ് റൂമിലേക്ക് പോകുംവഴി അംപയർ തൻവീർ അഹമ്മദുമായി തർക്കിച്ചു. മത്സരം സമനിലയിൽ അവസാനിച്ച് പരമ്പര 1-1ന് ഇരു ടീമുകളും പങ്കിട്ടെടുത്തപ്പോൾ സമ്മാനദാനവേളയിലും ഹർമന് ദേഷ്യം നിയന്ത്രിക്കാനായില്ല. 'അംപയറിങ് പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോൾ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം' എന്നൊക്കെയായിരുന്നു ഈസമയം ഹർമന്റെ പ്രതികരണം.

ഇതിലും അവസാനിച്ചില്ല ഹർമൻപ്രീത് കൗറിന്റെ രോഷം. പരമ്പരയുടെ ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹർമൻപ്രീത് ദേഷ്യം പ്രകടിപ്പിച്ചു. 'ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അംപയർമാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങൾക്ക് ട്രോഫി നേടിത്തരാൻ സഹായിച്ചത്' എന്നായിരുന്നു ബംഗ്ലാ വനിതാ ടീമിനെ ചൂണ്ടി ഹർമന്റെ പ്രതികരണം. ഇതോടെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കാതെ ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ട് വിടുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഈ സംഭവങ്ങളിലെല്ലാം ഹർമനെതിരെ കടുത്ത നടപടി ഐസിസി സ്വീകരിക്കും എന്നാണ് റിപ്പോർട്ട്.