മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ അരങ്ങേറുന്ന അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് പരമ്പരയിൽ ഒരുങ്ങുന്നത്. ഓഗസ്റ്റ് 18 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ കളിക്കുന്ന ഹാർദ്ദിക് പാണ്ഡ്യക്കും ശുഭ്മാൻ ഗില്ലിനും അയർലൻഡിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരക്ക് പിന്നാലെ നടക്കുന്ന ഏഷ്യാ കപ്പ് കണക്കിലെടുത്താണിത്.
അതേസമയം, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് ടീമിൽ ഇടം കിട്ടിയേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ കായികക്ഷമതാ റിപ്പോർട്ടിനായാണ് സെലക്ടർമാർ കാത്തിരിക്കുന്നത്.ഇത് ലഭിച്ചാലുടൻ ടീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ ആരാകും അയർലൻഡിനെതിരെ ഇന്ത്യയെ നയിക്കുക എന്നതാണ് ആകാംക്ഷ.

ഹാർദ്ദിക് പാണ്ഡ്യക്ക് കീഴിൽ ടി20 ടീം വൈസ് ക്യാപ്റ്റനായ സൂര്യകുമാർ യാദവിന് ക്യാപ്റ്റനായി അരങ്ങേറാൻ അവസരം കിട്ടുമെന്നാണ് കരുതുന്നത്.സൂര്യകുമാർ യാദവിനെ നായകനാക്കിയില്ലെങ്കിൽ പിന്നീട് സാധ്യത റുതുരാജ് ഗെയ്ക്വാദിനാണ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്നത് ഗെയ്ക്വാദാണ്.

ടീം പ്രഖ്യാപനത്തിന് മുമ്പ് മുഖ്യ സെലക്ടർ അജിത് അഗാർക്കർ ക്യാപ്റ്റൻ രോഹിത് ശർമ, ടി20 ടീം നായകൻ ഹാർദ്ദിക് പാണ്ഡ്യ, ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവി എസ് ലക്ഷ്മൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലക്ഷൺ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും രാഹുലിനെയും ശ്രേയസിനെയും ബുമ്രയെയും ടീമിൽ ഉൾപ്പെടുത്തുക.

മൂന്നുപേരും നിലവിൽ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിന പരിശീലനത്തിലാണ്. ബുമ്രക്ക് തുടർച്ചയായി 6-8 ഓവറുകൾ പന്തെറിയാൻ കഴിയുന്നത് ശുഭ സൂചനയാണ്. ഏഷ്യാ കപ്പിന് മുമ്പ് മത്സരപരിചയം ഉറപ്പുവരുത്താനായി അയർലൻഡ് പര്യടനത്തിൽ അവസരം നൽകാനാണ് സെലക്ടർമാർ താൽപര്യപ്പെടുന്നത്. എന്നാൽ അതിന് മുമ്പ് മൂവരും കായിക്ഷമത തെളിയിക്കേണ്ടതുണ്ട്.

പരിക്കിനെ തുടർന്ന് കാലിൽ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന കെ എൽ രാഹുലിന്റെ പരിശീലന വീഡിയോ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലുള്ള താരം കൂറ്റനടികൾ നടത്തുന്നത് വീഡിയോയിൽ കാണാം. പരിക്ക് പൂർണമായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് രാഹുൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ.

കാലിലെ ശസ്ത്രക്രിയക്ക് ശേഷം കെ എൽ രാഹുൽ എൻസിഎയിൽ പൂർണ തോതിൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ടീം ഇന്ത്യക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണിത്. ഏകദിന ലോകകപ്പിൽ കെ എൽ രാഹുലിനായിരിക്കും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. യോയോ ടെസ്റ്റ് കൂടി വിജയിച്ച് 100 ശതമാനം ഫിറ്റ്നസ് തെളിയിച്ചാൽ രാഹുലിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാം. ഇതോടെ ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർക്ക് രണ്ടാം വിക്കറ്റ് കീപ്പറായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ മാത്രമേ സ്‌ക്വാഡിൽ ഇടംപിടിക്കാനാകൂ. ഇഷാനെ മൂന്നാം ഓപ്പണറായും സഞ്ജുവിനെ മധ്യനിര ബാറ്ററായും ടീം ഉപയോഗിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.