ഇസ്‌ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും പ്രതിഫല തർക്കം പുകയുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് പാക്ക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച പുതിയ കരാറിൽ ഒട്ടും തൃപ്തിയില്ലെന്നാണു വിവരം. താരങ്ങളിൽ പലരും കരാർ ഒപ്പിടാൻ താൽപര്യമില്ലെന്ന് ബോർഡിനെ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ശ്രീലങ്കയിൽ പര്യടനത്തിലുള്ള ബാബർ അസമും സംഘവും പിസിബിയുടെ പുതിയ തലവൻ സാക്ക അഷറഫുമായി ചർച്ച നടത്തും.

പാക്കിസ്ഥാൻ സീനിയർ താരങ്ങളുടെയടക്കം കരാറുകൾ ജൂൺ 30ന് അവസാനിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. കരാറില്ലാതെയാണ് പല താരങ്ങളും ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ആദ്യ ടെസ്റ്റ് വിജയിച്ച പാക്കിസ്ഥാൻ ലോകടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ട്.

പിസിബി തലവനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിഫലം കൂട്ടിക്കിട്ടണമെന്ന് പാക്കിസ്ഥാൻ താരങ്ങൾ ആവശ്യപ്പെടുമെന്നാണ് വിവരം. താരങ്ങൾക്കും കുടുംബത്തിനും ഇൻഷുറൻസ് ഉറപ്പാക്കണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൗകര്യങ്ങൾ വേണം, ഐസിസി ടൂർണമെന്റുകളിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം വേണം തുടങ്ങിയ ആവശ്യങ്ങളും പാക്ക് താരങ്ങൾ ഉന്നയിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നതിന് പാക്കിസ്ഥാൻ താരങ്ങൾക്ക് ബോർഡ് 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' നൽകണമെന്നും താരങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ക്രിക്കറ്റിലെ പ്രധാന ബോർഡുകളെ അപേക്ഷിച്ച് പാക്കിസ്ഥാനിൽ താരങ്ങൾക്കുള്ള വരുമാനം കുറവാണെന്നാണു റിപ്പോർട്ടുകൾ. കാനഡയിലെ ഗ്ലോബൽ ട്വന്റി20 ലീഗിൽ കളിക്കാൻ പോകുന്നതിന് 25,000 ഡോളർ ഓരോ താരങ്ങളും നൽകണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. കാനഡ ലീഗിൽനിന്നു പല താരങ്ങൾക്കും കിട്ടിയ വരുമാനം 5,000 ഡോളർ ആയിരുന്നു.