- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പയർമാരുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധം; ഗ്രൗണ്ടിൽ മോശമായി പെരുമാറിയ ഹർമൻപ്രീത് കൗറിനെതിരെ നടപടി; രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി ഐസിസി; മാച്ച് ഫീയുടെ 75 ശതമാനം തുക പിഴ; ഇന്ത്യൻ ടീമിന് തിരിച്ചടി
ദുബായ്: ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെ അമ്പയർമാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗറിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.
അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ താരത്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാവില്ല. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമാകും. ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ഹർമൻപ്രീത് ഗ്രൗണ്ടിൽ പൊട്ടിത്തെറിച്ചത്.
മത്സരത്തിൽ പുറത്തായ താരം സ്റ്റംപുകൾ ബാറ്റുകൊണ്ട് അടിച്ചുവീഴ്‌ത്തി ദേഷ്യംപൂണ്ടാണ് ക്രീസ് വിട്ടത്. അമ്പയർമാർ തെറ്റായ തീരുമാനമെടുത്തു എന്നാണ് ഹർമൻപ്രീതിന്റെ വാദം. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
പിന്നാലെ നടന്ന സമ്മാനദാനചടങ്ങിൽ താരം ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ച് സംസാരിച്ചിരുന്നു. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് താരങ്ങൾ ഫോട്ടോഷൂട്ടിനിടെ വേദിയിൽ നിന്നിറങ്ങിപ്പോയി. ഹർമൻപ്രീതിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.
രണ്ട് മത്സരങ്ങളിൽ വിലക്ക് കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം തുക താരം പിഴയായി അടയ്ക്കണം. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാനച്ചടങ്ങിനിടെ പരിഹസിച്ചതിന് 25 ശതമാനവും ഐ.സി.സി പിഴയായി ഈടാക്കും. അച്ചടക്കലംഘനം നടത്തിയതിനാൽ താരത്തിന് മൂന്ന് ഡീമെറിറ്റ് പോയന്റുകളും ലഭിച്ചു.
ഐ.സി.സിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 2 കുറ്റമാണ് കൗർ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ പിഴവ് വരുത്തുന്ന ആദ്യ വനിതാ താരമാണ് കൗർ. സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചത് ഉൾപ്പെടെയുള്ള പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാന ചടങ്ങിനിടെ നടത്തിയ മോശം പ്രതികരണത്തിന് 25 ശതമാനവുമാണ് പിഴ ചുമത്തിയത്.
ഔട്ട് വിധിക്കാനുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചാണ് കൗർ തന്റെ ദേഷ്യം തീർത്തത്. മടങ്ങവെ അമ്പയറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും മത്സര ശേഷം സമ്മാനദാനചടങ്ങിൽ ബംഗ്ലാദേശ് താരങ്ങളെ അപമാനിക്കുകയും ചെയ്തു. നിങ്ങളെ ജയിപ്പിച്ച അമ്പയറെക്കൂടി ഫോട്ടോഷൂട്ടിന് വിളിക്കൂ എന്നായിരുന്നു കൗറിന്റെ പ്രതികരണം.
അതേസമയം മാച്ച ഓഫീഷ്യൽസ് മൂന്ന് ഡിമെറിറ്റ് പോയിന്റുകൾ ചുമത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാച്ച് ഒഫീഷ്യൽസിനെ കുറ്റപ്പെടുത്തിയതിനും സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്പോർട്സ് ഡെസ്ക്