തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നവംബർ 26ന് ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് ഓസീസിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്.

ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. 2023 ജനുവരി 15ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇതിന് മുമ്പ് നടന്ന അവസാന രാജ്യാന്തര മത്സരം. മത്സരത്തിൽ ടീം ഇന്ത്യ 317 റൺസിന്റെ കൂറ്റൻ ജയം നേടിയിരുന്നു.

സെപ്റ്റംബർ 22(മൊഹാലി), സെപ്റ്റംബർ 24(ഇൻഡോർ), സെപ്റ്റംബർ 27(രാജ്കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിനങ്ങൾ. നവംബർ 23 (വിശാഖപട്ടണം), നവംബർ 26(തിരുവനന്തപുരം), നവംബർ 28(ഗുവാഹത്തി), ഡിസംബർ 1(നാഗ്പൂർ), ഡിസംബർ 3(ഹൈദരാബാദ്) തിയതികളിലാണ് ഇന്ത്യ-ഓസീസ് ട്വന്റി 20 മത്സരങ്ങൾ.

ഏറെ തിരക്കുപിടിച്ച മത്സരക്രമമാണ് ഒക്ടോബർ-നവംബർ മാസങ്ങളിലെ ഏകദിന ലോകകപ്പിന് ശേഷം ടീം ഇന്ത്യക്ക് വരുന്നത്. 2023-24 ഹോം സീസണിന്റെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. ബിസിസിഐ ഫിക്സ്ചർ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.

ലോകകപ്പിന് ശേഷം ഓസീസിന് പിന്നാലെ അഫ്ഗാനിസ്ഥാനും ഇന്ത്യക്കെതിരെ ഇവിടെ വച്ച് ടി20 പരമ്പര കളിക്കും. മൂന്ന് ട്വന്റി 20കളാണ് പരമ്പരയിലുള്ളത്. ജനുവരി 11ന് മൊഹാലിയിലും 14ന് ഇൻഡോറിലും 17ന് ബെംഗളൂരുവിലുമാണ് മത്സരങ്ങൾ. ഇതിന് ശേഷം 2024ൽ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തും. ഹൈദരാബാദ്(ജനുവരി 25-29), വിശാഖപട്ടണം(ഫെബ്രുവരി 2-6), രാജ്കോട്ട്(ഫെബ്രുവരി 16-19), റാഞ്ചി(ഫെബ്രുവരി 23-27), ധരംശാല(മാർച്ച് 7-11) എന്നിവിടങ്ങളിലായാണ് ടെസ്റ്റ് മത്സരങ്ങൾ.