പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യൻ ടീമിന്റെ പുതിയ ഏകദിന ജേഴ്‌സി പുറത്തിറക്കി. ഡ്രീം ഇലവൻ ജേഴ്‌സി സ്‌പോൺസർമാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജേഴ്‌സിയാണിത്. പതിവ് തെറ്റിച്ച് ക്യാപ്റ്റൻ രോഹിത് ശർമയോ വിരാട് കോലിയോ ഇല്ലാതെയാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സി അവതരിപ്പിച്ചത്.

ശുഭ്മാൻ ഗിൽ, ടി20 നായകൻ ഹാർദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ തുടങ്ങിയ യുവനിരയാണ് പുതിയ ജേഴ്‌സി ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നത്. അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസർമാരായി എത്തിയശേഷം ആദ്യമായാണ് ഇന്ത്യൻ ടീം വൈറ്റ് ബോൾ സീരീസ് കളിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഡിഡാസ് ജേഴ്‌സി ധരിച്ചിറങ്ങിയ ഇന്ത്യക്ക് ജേഴ്‌സി സ്‌പോൺസർമാരുണ്ടായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പാണ് ബൈജൂസിന് പകരം ജേഴ്‌സി സ്‌പോൺസർമാരായി ഡ്രീം ഇലവൻ എത്തിയത്.

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഡ്രീം ഇലവൻ ജേഴ്‌സി സ്‌പോൺസർമാരായി അരങ്ങേറിയത്. അഡിഡാസ് ഒരുക്കിയ മനോഹരമായ ജേഴ്‌സിയിൽ ഡ്രീം ഇലവൻ എന്ന് ചുവപ്പു നിറത്തിൽ എഴുതിയത് ഭംഗി കുറച്ചതായി ആരാധകർക്ക് ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ വൈറ്റ് ബോൾ ജേഴ്‌സിയിൽ നീലയിൽ വെള്ള നിറത്തിലാണ് ഡ്രീം ഇലവന്റെ പേരെഴുതിയിരിക്കുന്നത്.

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലം ഇതേ നിറമുള്ള ജേഴ്‌സിയാണോ ഇന്ത്യൻ ടീം ധരിക്കുക എന്ന കാര്യം വ്യക്തമല്ല. വിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് ശേഷം അയർലൻഡിനെതിരായ ടി20 പരമ്പരയിലും ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകളിൽ ഇതേ ജേഴ്‌സിയാവും ഇന്ത്യൻ ടീം ധരിക്കുക. സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവരെ ഒഴിവാക്കി ജേഴ്‌സി പുറത്തിറക്കിയത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്കുള്ള സൂചനയാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.